സ്വയം പ്രതിരോധത്തിനാണെങ്കില്‍ ഷുഹൈബിനെ വെട്ടിക്കൊന്നത് എന്തിന്?: യച്ചൂരിയോടു ചെന്നിത്തല

തിരുവനന്തപുരം∙ കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം തയാറല്ല എന്നാണു പാര്‍ട്ടി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കണ്ണൂരിലെ അരുംകൊലകളെ തള്ളിപ്പറയാന്‍ സീതാറാം യച്ചൂരി തയ്യാറായിട്ടില്ല. പകരം അക്രമ രാഷ്ട്രീയം തങ്ങളുടെ നയമല്ലെന്ന പാടിപ്പതിഞ്ഞ സ്ഥിരംവാചകം ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.ഇതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സാഹിത്യഭംഗിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അതിനു ശേഷമാണു സിപിഎം കൊലപാതകങ്ങളുടെ പരമ്പര തന്നെ നടത്തിയത്.

അമികളെ ആക്രമിക്കുമ്പോള്‍ സ്വയം പ്രതിരോധിക്കാതെ തരമില്ലെന്നു പറഞ്ഞ യച്ചൂരി കണ്ണൂരില്‍ ഷുഹൈബിനെ വെട്ടിക്കൊന്നത് ആരു നടത്തിയ ആക്രമണത്തിന്റെ പ്രതിരോധമാണെന്നു വ്യക്തമാക്കണം. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നു പറയുന്ന യച്ചൂരിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്വന്തം അണികളോടു കൊലപാതകം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കുകയാണു വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.