കേരളത്തിലേക്കുള്ള ട്രെയിനുകൾ വെട്ടി ദക്ഷിണ റെയിൽവേ; ഇനി പ്രതീക്ഷ മുഖ്യമന്ത്രിയിൽ

പ്രതീകാത്മക ചിത്രം.

കൊച്ചി∙ ഉത്തരേന്ത്യയിൽനിന്നു കേരളത്തിലേക്കു ശുപാർശ ചെയ്ത ട്രെയിനുകൾക്കു പിന്നാലെ കേരളത്തിൽനിന്നു ശുപാർശ ചെയ്തവയും വെട്ടി ദക്ഷിണ റെയിൽവേ. എറണാകുളം-സേലം ഇന്റർസിറ്റി, മംഗളൂരു-രാമേശ്വരം, കൊച്ചുവേളി-ഗുവാഹത്തി, കൊച്ചുവേളി-നിലമ്പൂർ, എറണാകുളം-രാമേശ്വരം എന്നിവ  ഓടിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു ദക്ഷിണ റെയിൽവേ. ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർ (സിപിടിഎം) എസ്.ജഗനാഥനാണു ദക്ഷിണ റെയിൽവേയെ പ്രതിനീധികരിച്ചു യോഗത്തിൽ പങ്കെടുക്കുന്നത്.

മുംബൈയിൽ നടക്കുന്ന ഓൾ ഇന്ത്യ ടൈംടേബിൾ കമ്മിറ്റി യോഗം ശനിയാഴ്ച തീരുമെന്നിരിക്കെ മുഖ്യമന്ത്രി തലത്തിലുള്ള ഇടപെടൽ മാത്രമാണു കേരളത്തിനു മുൻപിലുള്ള പോംവഴി. കേരളത്തിലേക്കു  ട്രെയിൻ വേണ്ടെന്ന ആദ്യ ദിവസത്തെ നിലപാടു സിപിടിഎം ആവർത്തിച്ചു. കേരളത്തിലെ ഡിവിഷനുകളുടെ കൂടി സൗകര്യങ്ങൾ കണക്കിലെടുത്തു നിർദേശിച്ച ട്രെയിനുകൾക്കും ഉദ്യോഗസ്ഥൻ എതിരു നിൽക്കുന്നവെന്നതാണു വിചിത്രമായ സംഗതി. ‘മനോരമ ഓൺലൈൻ’ വാർത്തയെ തുടർന്നു കേരളത്തോടുള്ള റെയിൽവേ പക്ഷപാതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു എം.കെ.രാഘവൻ എംപി റെയിൽവേ ബോർഡ് ചെയർമാനു കത്തയച്ചു.

ജബൽപൂരിൽനിന്നു തിരുവനന്തപുരത്തേക്കു ശുപാർശ ചെയ്ത പ്രതിവാര ട്രെയിൻ വിജയവാഡയിൽനിന്നു ചെന്നൈ, മധുര വഴി തിരുനെൽവേലിയിലേക്കു  തിരിച്ചുവിട്ടാണു യോഗത്തിന്റെ ആദ്യദിവസം ദക്ഷിണ റെയിൽവേ ‘സഹായിച്ചത്’. ജബൽപൂരിലെ മലയാളി സൈനികരും ഭോപാൽ മലയാളികളുടെയും ശ്രമഫലമായാണു ഉത്തരേന്ത്യയിൽനിന്നു ട്രെയിൻ ശുപാർശ ചെയ്തിരുന്നത്. കൊച്ചുവേളിയിൽ പ്ലാറ്റ്ഫോം സൗകര്യമുണ്ടെങ്കിലും അക്കാര്യം സിപിടിഎം യോഗത്തിൽ മറച്ചുവച്ചുവെന്നാണ് ആക്ഷേപം. 2016ൽ യശ്വന്ത്പൂരിൽനിന്നു കൊച്ചുവേളിയിലേക്കു ട്രെയിൻ ചോദിച്ചപ്പോഴും തടസം നിന്നതു ദക്ഷിണ റെയിൽവേയാണെന്നു രേഖകൾ തെളിയിക്കുന്നു.

ഇതുവരെ സർവീസ് ആരംഭിക്കാത്ത തിരുവനന്തപുരം–ബെംഗളൂരു  ട്രെയിന്റെ പേരു പറഞ്ഞാണു 2016ൽ ട്രെയിൻ വേണ്ടെന്നു വച്ചത്. ടെർമിനൽ സൗകര്യങ്ങളുടെ കുറവുമൂലമാണു കേരളത്തിനു ട്രെയിൻ അനുവദിക്കാത്തതെന്നാണു ദക്ഷിണ റെയിൽവേ ന്യായീകരണം. എന്നാൽ നേമം, കോട്ടയം ടെർമിനലുകൾ 2008ലെ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. പിന്നീടു പ്രഖ്യാപിച്ച ചെന്നൈ താംബരം ടെർമിനലിൽനിന്നു ട്രെയിനോടി തുടങ്ങി. സൗകര്യങ്ങൾ നിഷേധിച്ചു കേരളത്തിനുള്ള  ട്രെയിനുകൾ തട്ടിയെടുക്കാനാണു  ഉദ്യോഗസ്ഥ ലോബി ശ്രമിക്കുന്നതെന്ന ഗുരുതരമായ ആരോപണമാണു ഉയരുന്നത്.

കൊച്ചുവേളി–ലോകമാന്യതിലക് പ്രതിദിനമാക്കാൻ പുതിയ കോച്ചുകൾ വേണ്ടെങ്കിലും ഉദ്യോഗസ്ഥർ പാര വയ്ക്കുകയാണ്. 2015 മുതൽ ഇതുവരെ കേരളത്തിനു ലഭിക്കേണ്ട 10 ട്രെയിനുകളാണു ഉദ്യോഗസ്ഥർ വരട്ടുന്യായങ്ങൾ നിരത്തി ഒഴിവാക്കിയത്. കേരളത്തിനുേവണ്ടി ശുപാർശ ചെയ്യപ്പെട്ട ട്രെയിനുകൾ ഇവയാണ്: ജബൽപൂർ-തിരുവനന്തപുരം വീക്ക്‌ലി, ലാൽകുവ-കൊച്ചുവേളി വീക്ക്‌ലി, മംഗളൂരു-കൊച്ചുവേളി സൂപ്പർ ഫാസ്റ്റ്, മംഗളൂരു-പട്ന വീക്ക്‌ലി, കൊച്ചുവേളി-മൈസൂർ ദ്വൈവാര എക്സ്പ്രസ്, കത്തഗോടം- കൊച്ചുവേളി വീക്ക്‌ലി, എറണാകുളം-രാമേശ്വരം ട്രൈവീക്ക്‌ലി, എറണാകുളം-സേലം ഇന്റർസിറ്റി, കോച്ചുവേളി–ഗുവാഹത്തി ഡെയ്‌ലി, കൊച്ചുവേളി–നിലമ്പൂർ ഡെ‌യ്‌ലി.