വഴിയിൽ വച്ചും മർദിച്ചു, വെള്ളം ചോദിച്ചപ്പോൾ തലയിൽ ഒഴിച്ചു: മധുവിന്റെ കുടുംബം

മധുവിന്റെ അമ്മയും ബന്ധുക്കളും സമരപ്പന്തലിൽ. ചിത്രം: ധനേഷ് അശോകൻ. മനോരമ

അഗളി∙ അട്ടപ്പാടി മുക്കാലിയിൽ മർദ്ദനത്തിനിരയായി ആശുപത്രിയിലേക്കു പോകുന്ന വഴി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തതു വനംവകുപ്പു ജീവനക്കാരാണെന്ന് അമ്മയും സഹോദരിയും മനോരമ ന്യൂസിനോട് പറഞ്ഞു.

ആദിവാസി കാട്ടില്‍ കയറിയാല്‍ കേസെടുക്കും. എന്നാൽ നാട്ടുകാരാണെങ്കില്‍ നടപടി എടുക്കാറില്ലെന്നും അവർ പറഞ്ഞു. ഭക്ഷണം ഒരുക്കുമ്പോഴാണു മധുവിനെ പിടികൂടിയതെന്നു സഹോദരി പറഞ്ഞു. മുക്കാലിയില്‍ കൊണ്ടുവന്നതു ഗുഹയില്‍ നിന്ന് നാലു കിലോമീറ്റര്‍ നടത്തിയാണ്. വഴിയില്‍ വച്ചു മര്‍ദിക്കുകയും ‌വെളളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിക്കുകയും ചെയ്തെന്നും മധുവിന്റെ സഹോദരി ചന്ദ്രിക പറഞ്ഞു.

Read: രണ്ടു കിലോഗ്രാം അരി, നൂറു ഗ്രാം മല്ലിപ്പൊടി...; മധുവിന്റെ സഞ്ചിയിൽ ഇത്രമാത്രം

Read: ‘കയ്യ് കൂട്ടിക്കെട്ടി തല്ലി, നെഞ്ചിലും വയറ്റിലും ചവിട്ടി’: തേങ്ങലോടെ അമ്മ

മധുവിന്റെ മരണത്തില്‍ ‌കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണു വിലയിരുത്തൽ. കസ്റ്റഡിയിലുള്ള 12 പേരെ അഗളി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മന്ത്രി എ.കെ.ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ എന്നിവര്‍ ഇന്ന് അട്ടപ്പാടിയിലെത്തും.

മധുവിന്റെ മരണത്തിൽ പ്രതിഷേധിക്കുന്നവർ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ

അതേസമയം മുഴുവന്‍ പ്രതികളേയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകളുടെ സമരം അഗളി പൊലീസ് സ്റ്റേഷനു മുന്നില്‍ തുടരുകയാണ്. യുഡിഎഫും ബിജെപിയും മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.  

മധുവിന്റെ മരണത്തിൽ പ്രതിഷേധിക്കുന്നവർ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
മധുവിന്റെ മരണത്തിൽ പ്രതിഷേധിക്കുന്നവർ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ