മാണിക്ക് സ്വാഗതമെന്ന് ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി; കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് കോടിയേരി

കോഴിക്കോട്∙ കെ.എം.മാണിയെ യുഡിഎഫിലേക്കു സ്വാഗതം ചെയ്ത് ഉമ്മൻ ചാണ്ടിയും പി.കെ.കുഞ്ഞാലിക്കുട്ടിയും. കേരളം ഉറ്റു നോക്കുന്നതും ആഗ്രഹിക്കുന്നതും മാണിയുടെ മടങ്ങി വരവാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. രാഷ്ട്രീയത്തിന്റെ ഇന്നലെകളും ഇന്നും അഭിമാനകരമാണെന്നും നാളെയും അങ്ങനെ തന്നെ ആകണമെന്ന് മുസ്‍ലിം ലീഗ് ആഗ്രഹിക്കുന്നതായും പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഇരുനേതാക്കളുടെയും ആഹ്വാനം ചിരിയോടെ കേട്ടിരുന്ന മാണി പക്ഷേ, മറുപടി പറയാതെ മടങ്ങി. ഇ.അഹമ്മദിന്റെ ചരമ വാർഷികത്തിൽ മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലാണ് നേതാക്കൾ മുഖാമുഖം എത്തിയത്. നിശ്ചയിച്ച സമയത്തിലും ഒന്നര മണിക്കൂർ വൈകിയാണ് ഉമ്മൻ ചാണ്ടി ചടങ്ങിനെത്തിയതെങ്കിലും കെ.എം.മാണി അതുവരെയും കാത്തിരുന്നു. ഉമ്മൻ ചാണ്ടിക്കു കൈകൊടുത്തു മാധ്യമങ്ങൾക്കു ചിത്രം പകർത്താൻ അവസരവും നൽകിയ മാണി, ഉമ്മൻ ചാണ്ടിയുടെ പ്രസംഗ ശേഷമാണു വേദി വിട്ടത്. പുറത്തിറങ്ങിയ മാണി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞില്ല. പിന്നാലെ എത്തിയ ഉമ്മൻ ചാണ്ടി, കെ.എം.മാണിയെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനം അദ്ദേഹത്തിന്റെ പാർട്ടിയുടേതാണെന്നും പറഞ്ഞു. ‌

അതേസമയം, മാണിയെ എൽഡിഎഫിൽ എടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി‍. ഇല്ലാത്ത കാര്യമാണ് സിപിഐ പറഞ്ഞു നടക്കുന്നത്. ഇടതുവിരുദ്ധ മുന്നണിയെ തകർക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. മാണിയെ മുന്നണിയിലെടുക്കുക കേന്ദ്രനേതൃത്വത്തോടു ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കുമെന്നും കോടിയേരി പറഞ്ഞു. അതിനിടെ, മാണി ലീഗ് ഹൗസിൽ പോയതിൽ അസ്വാഭാവികമായി യാതൊന്നും ഇല്ലെന്നും അതൊക്കെ ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.