മുഖം മിനുക്കിയിട്ടും ഓട്ടത്തിൽ ‘ദുശ്ശീലം’ മറക്കാതെ വേണാട് എക്സ്പ്രസ്

വേണാട് എക്സ്പ്രസ് ഇന്ന് ചിങ്ങവനത്ത് നിർത്തിയിട്ടപ്പോൾ. ചിത്രം: അജിത് ടി. തോമസ്

കോട്ടയം ∙ പേരിലെ ‘എക്സ്പ്രസ്’ ഓട്ടത്തിൽ കാട്ടാതെ വേണാട് എക്സ്പ്രസ്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർ രാവിലെ പ്രധാനമായി ആശ്രയിക്കുന്ന ട്രെയിനാണു സ്ഥിരമായി വൈകുന്നത്. ട്രെയിനുകൾ കൃത്യസമയത്തോടിക്കുമെന്ന തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ ഗീർവാണങ്ങൾ പത്രക്കുറിപ്പുകളിൽ കെട്ടടങ്ങുമ്പോൾ പാളങ്ങളിൽ ‘സമയംകൊല്ലി’യാകുകയാണ് തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ്. അടുത്തിടെ മുഖം മിനുക്കിയെത്തിയ വേണാട് കാഴ്ചയിലെ സൗന്ദര്യം ഓട്ടത്തിൽ ഒട്ടും കാട്ടുന്നില്ല. വേണാടിനൊപ്പം ഹൈദരാബാദ്– തിരുവനന്തപുരം ശബരി എക്സ്പ്രസ്, മംഗളൂരു– നാഗർകോവിൽ പരശുറാം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ കൂടി വൈകിയോടുന്നതോടെ ഓഫിസിലും സ്കൂളുകളിലും സമയത്തെത്താനാകാതെ സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർഥികളും വലയുന്ന കാഴ്ചയാണ് തുടരുന്നത്.

പുതിയ കോച്ചുകൾ രംഗത്തിറക്കി വേണാട് എക്സ്പ്രസ് പുതുക്കിയെന്നത് ഒഴിച്ചാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകിയ അവസ്ഥയിലാണ് വേണാടിലെ യാത്രക്കാർ. മധ്യതിരുവിതാംകൂറിലെ ജനപ്രിയ ഓഫിസ് ട്രെയിൻ എന്ന പദവിയൊക്കെ വേണാടിനു നഷ്ടമായിക്കഴിഞ്ഞു. പുതിയ കോച്ച് ലഭിച്ച ഫെബ്രുവരിയിൽ ട്രെയിൻ സമയത്ത് കോട്ടയത്തോ എറണാകുളത്തോ എത്തിയ ദിവസങ്ങൾ ഉണ്ടായിട്ടില്ല. നിശ്ചിതസ്റ്റേഷനിൽ വച്ചുമാത്രമേ ക്രോസിങ് നടത്തൂ എന്ന അധികാരികളുടെ പിടിവാശിയാണ് വൈകിയോട്ടം ദിനചര്യയായി മാറാൻ കാരണം.

വേണാട് എക്സ്പ്രസ് ഇന്ന് ചിങ്ങവനത്ത് നിർത്തിയിട്ടപ്പോൾ. ചിത്രം: അജിത് ടി. തോമസ്

ഇന്നു രാവിലെ 8.35 ന് ചിങ്ങവനത്ത് എത്തിയ ട്രെയിൻ 25 മിനിറ്റ് പിടിച്ചിട്ടു. ഇതേസമയം തന്നെ ഏറ്റുമാനൂരിൽ നിന്നു പുറപ്പെട്ട ചെന്നൈ മെയിലിനെ കടത്തിവിടാനാണ് ട്രെയിൻ ചിങ്ങവനത്തു പിടിച്ചിട്ടതെന്നതാണ് കൗതുകം. ചിങ്ങവനത്തുനിന്നു കോട്ടയം എത്താൻ 10 മിനിറ്റ് മാത്രം മതിയാകുമ്പോഴാണ് റെയിൽവേയുടെ ഈ മെല്ലപ്പോക്കുനയം. ഒടുവിൽ ട്രെയിൻ കോട്ടയത്ത് എത്തിയത് 9.15 നാണ് – എകദേശം ഒരു മണിക്കൂർ ലേറ്റ്. വെള്ളിയാഴ്ച ട്രെയിൻ എത്തിയത് 9.20 നാണ്. രണ്ടു മാസം മുൻപ് വേണാട് ഇപ്രകാരം വൈകിയപ്പോൾ ശശി തരൂർ എംപിയടക്കം ജനപ്രതിനിധികൾ ഇടപെട്ടിരുന്നു. അന്ന് ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഒരാഴ്ച ട്രെയിൻ സമയക്രമം പാലിച്ചു. തുടർന്ന് കഥ വീണ്ടും പഴയപടിയായി. യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ ഇനിയെങ്കിലുമുണ്ടാകണം എന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

പുലർച്ചെ അഞ്ചിനു തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ഷൊർണൂർ വേണാട് എക്സ്പ്രസ് 8.20 നു കോട്ടയത്ത് എത്തേണ്ടതാണ്. എന്നാൽ അങ്ങനെയൊരു സംഭവം യാത്രക്കാരുടെ സ്വപ്നങ്ങളിലേയില്ല. പാതയിരട്ടിപ്പിക്കാത്തതാണു വൈകാൻ കാരണമായി റയിൽവേ പറയുന്നത്. എന്നാൽ ഇരട്ടപ്പാത നിലവിലുള്ള ചങ്ങനാശേരി വരെ പോലും കൃത്യസമയമായ 7.57 നു വേണാടിനെ എത്തിക്കാൻ റെയിൽവേക്കു കഴിഞ്ഞിട്ടില്ല. കൊല്ലം വരെ ഒരുവിധം സമയക്രമം പാലിക്കുന്ന വേണാട് പിന്നീട് ഇഴയുകയാണ്. പാതയിലെ ബലക്ഷയവും അറ്റകുറ്റപ്പണികളും മൂലം പരമാവധി വേഗം കൈവരിക്കാനാവില്ല.

വേണാട് എക്സ്പ്രസ് ഇന്ന് ചിങ്ങവനത്ത് നിർത്തിയിട്ടപ്പോൾ. ചിത്രം: അജിത് ടി. തോമസ്

വേണാടിനു മുന്നിലായി വരുന്ന പാലരുവി എക്സ്പ്രസ് കൃത്യസമയമായ രാവിലെ 7.25 നു കോട്ടയം വിട്ടാൽ പിന്നീടുള്ള ട്രെയിനായ വേണാട് എട്ടരയ്ക്കു ശേഷമാണു പതിവായി കോട്ടയത്തുനിന്നു പോകുന്നത്. തിരക്കേറിയ രാവിലെ ഒരു മണിക്കൂറിലേറെയുള്ള ഇടവേള എറണാകുളം, തൃശൂർ യാത്രക്കാരെ ശരിക്കും വലയ്ക്കുകയാണ്. 16526 കന്യാകുമാരി എക്സ്പ്രസ്, 16650 പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഇന്നു രാവിലെ അരമണിക്കൂർ വീതമാണ് വൈകിയത്.