ഐഎസ്എൽ: ബെംഗളുരുവിനും എഫ്സി ഗോവയ്ക്കും ജയം

ഗോൾ നേടിയ ബെംഗളുരു താരങ്ങളുടെ ആഹ്ലാദം.ചിത്രം: ഐഎസ്എൽ ട്വിറ്റർ

ബെംഗളുരു∙ ഇന്ത്യൻ സൂപ്പര്‍ ലീഗിൽ പന്ത്രണ്ടാം ജയവുമായി കരുത്തരായ ബെംഗളുരു എഫ്സി. ജംഷഡ്പൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെംഗളുരു പരാജയപ്പെടുത്തിയത്. 23–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ മികുവാണ് ബെംഗളുരുവിന് ആദ്യലീഡ് സമ്മാനിച്ചത്. 34–ാം മിനിറ്റിൽ സുനിൽ ഛേത്രിയും ലക്ഷ്യം കണ്ടു. ജംഷഡ്പൂർ നിരയിലെ മെഹ്താബ് ഹുസൈൻ ചുവപ്പുകാർഡ് കണ്ടു പുറത്തായി. 

പോയിന്റു പട്ടികയിൽ ഇതോടെ ബെംഗളുരുവിന് 37 പോയിന്റായി. നാലു തോൽവികൾ മാത്രം വഴങ്ങിയ അവർ‌ നേരത്തെ സെമി യോഗ്യത നേടിയിരുന്നു. അതേസമയം ഇന്നത്തെ തോൽവിയോടെ ജംഷഡ്പൂരിന്റെ സെമി പ്രതീക്ഷകൾ അസ്ഥാനത്തായി. 17 കളികളില്‍ നിന്ന് 26 പോയിന്റാണ് അവർക്കുള്ളത്. ഇന്നത്തെ മൽസരത്തിൽ ജംഷഡ്പൂർ തോറ്റത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും. 

ഇന്നു നടന്ന ആദ്യ മൽസരത്തിൽ എഫ്സി പുണെ സിറ്റിയെ എഫ്സി ഗോവ എതിരില്ലാത്ത നാലു ഗോളുകൾക്കു തോൽപ്പിച്ചിരുന്നു. ലാൻസറോട്ടെ (28), ബോമസ് (47), കോറോ (58,65) എന്നിവരാണ് ഗോവയ്ക്കായി ഗോളുകൾ നേടിയത്. പോയിന്റു പട്ടികയിൽ പുണെ രണ്ടാം സ്ഥാനത്തും ഗോവ ആറാം സ്ഥാനത്തുമാണ്.