ത്രിരാഷ്ട്ര പരമ്പര: കോഹ്‍ലിക്ക് വിശ്രമം, ടീം ഇന്ത്യയെ രോഹിത് നയിക്കും

രോഹിത് ശർമ,വിരാട് കോ‍ഹ്‍ലി

ന്യൂഡല്‍ഹി∙ അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ നായകന്‍ കോഹ്‍ലിക്കു വിശ്രമം അനുവദിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. പരുക്കിനെ തുടർന്ന് ശനിയാഴ്ച നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക അവസാന ടി20യിൽ കോഹ്‍ലി കളിച്ചിരുന്നില്ല. കോഹ്‍ലിക്കു പുറമെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരും ടീമിലില്ല. 

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്കിനൊപ്പം ഡൽഹിയുടെ യുവതാരം ഋഷാഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തി. പേസർമാരായ ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര എന്നിവരും ടീമിലില്ല. യുവാക്കൾക്കു കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് 15 അംഗടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് ആറിന് ശ്രീലങ്കയിലെ കൊളംബോയിലാണ് പരമ്പരയ്ക്കു തുടക്കമാകുക. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകളാണ് പരമ്പരിയിലുള്ളത്.

15 അംഗ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ) , ശിഖർ ധവാന്‍ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, ദിനേഷ് കാർത്തിക്, ദീപക് ഹൂഡ, വാഷിങ്ടൻ സുന്ദർ, യുസ്‍വേന്ദ്ര ചഹൽ, അക്സര്‍ പട്ടേൽ, വിജയ് ശങ്കർ, ഷാര്‍ദൂൽ താക്കൂർ, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, റിഷാഭ് പന്ത്.