നീരവ് മോദിയുടെ തട്ടിപ്പ് 11,400 കോടിയിൽ ഒതുങ്ങില്ലെന്ന് പഞ്ചാബ് നാഷനൽ ബാങ്ക്

നീരവ് മോദി.

ന്യൂഡല്‍ഹി∙ വജ്രവ്യപാരി നീരവ്മോദി 1300 കോടി രൂപയുടെ തട്ടിപ്പുകൂടി നടത്തിയതായി പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി). നേരത്തേ പിഎൻബിയിൽനിന്നു നീരവ് 11,400 കോടി രൂപ തട്ടിച്ച വിവരം പുറത്തുവന്നിരുന്നു. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിലാണു പുതിയ തട്ടിപ്പു കണ്ടെത്തിയത്.

ഇതോടെ ഔദ്യോഗിക കണക്കുപ്രകാരം പിഎന്‍ബിയില്‍നിന്നു നീരവ് മോദി തട്ടിച്ച ആകെ തുക 12,700 കോടിയായി. ബോംെബ സ്റ്റോക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) ബാങ്ക് നൽകിയ കണക്കിലാണു 1300 കോടിയുടെ അനധികൃത ഇടപാടുകൾ കൂടി നടന്നതായി അറിയിച്ചത്. ഫെബ്രുവരി 14നാണു നീരവ് മോദിയുടെ തട്ടിപ്പു സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത്.

അതേസമയം നീരവ് മോദി, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചോസ്കി എന്നിവരുൾപ്പെട്ട ബാങ്ക് തട്ടിപ്പ് 20,000 കോടി കവിഞ്ഞേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇരുവർക്കും വായ്പകൾ നൽകിയ മറ്റു 16 ബാങ്കുകളിൽനിന്നു കൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദാംശങ്ങൾ തേടി. പിഎൻബിയിലെ വായ്പാത്തട്ടിപ്പ് സിബിഐയും ഇഡിയും അന്വേഷിക്കുന്നുണ്ട്.

2017 മാർച്ച് 31 വരെ മെഹുൽ ചോക്സിയും കമ്പനികളും ചേർന്നു 3000 കോടിയുടെ 37 ബാങ്ക് വായ്പകൾ എടുത്തിട്ടുണ്ടെന്നാണു വിവരം. 17 ബാങ്കുകൾ മോദിയുടെ സ്ഥാപനങ്ങൾക്കു 3000 കോടിയുടെ കടം വേറെയും നൽകി. ഇതിനിടെ, നീരവ് മോദിയുടെ 523.72 കോടി രൂപയുടെ 21 വസ്തുവകകൾകൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതുവരെ 6,393 കോടി രൂപയുടെ വസ്തുവകകളാണു കണ്ടുകെട്ടിയതെന്ന് അധികൃതർ അറിയിച്ചു.