കൊൽക്കത്തയെ ഗോൾമഴയിൽ മുക്കി ഗോവ (5–1); ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്

ഗോൾനേട്ടം ആഘോഷിക്കുന്ന ഗോവൻ താരങ്ങൾ. ചിത്രം: ഐഎസ്എൽ

ഗോവ∙ ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മൽസരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്തയെ ഗോൾമഴയിൽ മുക്കി എഫ്സി ഗോവ. ജയിച്ചത് ഗോവയും തോറ്റത് കൊൽക്കത്തയുമാണെങ്കിലും ഈ ഫലം ഏറ്റവും തിരിച്ചടിയായത് കേരളാ ബ്ലാസ്റ്റേഴ്സിനും. ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്തയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത എഫ്സി ഗോവ പ്ലേ ഓഫിന് തൊട്ടടുത്തെത്തിയപ്പോൾ, കൊൽക്കത്തയുടെ ജയം കാത്തിരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾ അവസാനിച്ചു. അടുത്ത മൽസരത്തിൽ ജംഷഡ്പുരിനെ നേരിടുന്ന ഗോവയ്ക്ക് മൽസരം സമനിലയിലായാലും സെമിയിലേക്കു മുന്നേറാം. അതേസമയം, ജയിച്ചാൽ ജംഷഡ്പുരാകും നാലാം സ്ഥാനക്കാരായി സെമിയിലെത്തുക.

സ്വന്തം തട്ടകത്തിൽ നടന്ന മൽസരത്തിൽ എഫ്‌സി ഗോവ എതിരാളികളെ ഗോൾമഴയിൽ മുക്കുകയായിരുന്നു. ഗോവയ്ക്ക് വേണ്ടി സെർജിയോ ജസ്റ്റി (10), മാനുവൽ ലാൻസറോട്ടെ (15, 21), കോറോ (64), സിഫ്‌നിയോസ് (90) എന്നിവർ ലക്ഷ്യം കണ്ടപ്പോൾ കൊൽക്കത്തയുടെ ആശ്വാസ ഗോൾ റോബി കീൻ (87) ആണ് നേടിയത്. ഇതോടെ 17 കളികളിൽ നിന്ന് 27 പോയിന്റമായി ഗോവ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. മാർച്ച് നാലിന് ജംഷഡ്പൂർ എഫ്‌സിയുമായുള്ള ഗോവയുടെ കളി നിർണ്ണായകമായി.

ഒരു മത്സരം മാത്രം ബാക്കി നിൽക്കെ 26 പോയിന്റുമായി ജംഷഡ്പൂർ എഫ്‌സി ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. 25 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് താഴ്ന്നു. വ്യാഴാഴ്ച ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ തോൽപ്പിച്ചാലും ഗോവ-ജംഷഡ്പുർ മത്സരമായിരിക്കും സെമിയിലേക്കുള്ള ടീമിനെ തീരുമാനിക്കുക. ഈ മത്സരം ആരാണോ ജയിക്കുന്നത് അവർ സെമിയിലേക്ക് കയറും. മത്സരം സമനിലയിലായാലും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ വേണ്ട.

ജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ കഴിയാത്ത ഗോവ മൽസരത്തിന്റെ ഒന്നാം പകുതിയിൽ തന്നെ മൂന്നു ഗോൾ ലീഡ് നേടിയിരുന്നു. പുണെയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത ഗോവ അതേ പ്രകടനം ഇവിടെയും ആവർത്തിച്ചപ്പോൾ കൊൽക്കത്ത ടീമിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മതിയായ പ്രതിരോധമില്ലാത്തെ ഒന്നു പൊരുതാൻ പോലും മുതിരാതെ കീഴടങ്ങുകയായിരുന്നു രണ്ടു തവണ ജേതാക്കളായ കൊൽക്കത്ത ടീം.

കളിയുടെ തുടക്കത്തിൽ കൊൽക്കത്തയായിരുന്നു ആക്രമണം തുടങ്ങിയത്. എന്നാൽ ഗോളുകൾ അടിച്ചു കൂട്ടിയത് ഗോവയായിരുന്നു. ഗാലറിയുടെ മികച്ച പിന്തുണയോടെ അവർ കളിച്ചപ്പോൾ ഗോളുകളും വഴിയേ വന്നു. ഹ്യൂഗോ ബൂമോസിന്റെ കോർണറിൽ തലവെച്ചാണ് സെർജിയോ ആദ്യ ഗോൾ നേടുന്നത് (1-0). അഞ്ചു മിനിറ്റിനുള്ളിൽ ലാൻസറോട്ടെ ലീഡ് ഉയർത്തി. മന്ദർറാവു ദേശായിയുടെ ഷോട്ട് കൈപ്പിടിയിലൊതുക്കാൻ കൊൽക്കത്ത ഗോളി സോറം പൊയ്‌റി മറന്നപ്പോൾ പന്ത് പിടിച്ചെടുത്ത ലാൻസറോട്ടെ അത് വലയിലാക്കി (2-0). അഞ്ചു മിനിറ്റ് പിന്നിട്ടതോടെ ലാൻസറോട്ടെ വീണ്ടുമെത്തി. പ്രണോയ് ഹാൽദാർ നീട്ടി നൽകിയ പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറി ഷോട്ടെടുക്കുകയായിരുന്നു അദ്ദേഹം (3-0).

രണ്ടാം പകുതി തുടങ്ങി 15 മിനിറ്റിനുള്ളിൽ തന്നെ ഗോവ നാലാം ഗോൾ നേടി. ഇത്തവണ ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു ഗോൾ വന്നത്. ബോക്‌സിന് പുറത്തു നിന്നെടുത്ത കിക്ക് കോറോ മനോഹരമായി വലയിൽ എത്തിച്ചു. കൊൽക്കത്ത ഗോളി സോറം നോക്കി നിൽക്കെയാണ് പന്ത് വലയിൽ കയറിയത് (4-0). 78–ാം മിനിറ്റിൽ കൊൽക്കത്ത നല്ലൊരവസരം പാഴാക്കി. വലതു വശത്ത് കൂടി മുന്നേറിയ എംബാത്ത നൽകിയ ക്രോസ് റോബി കീൻ തിരിച്ചു വിട്ടത് ബാറിന് മുകളിലൂടെ പറന്നു. 87–ാം മിനിറ്റിൽ കീൻ ഇതിനു പരിഹാരം ചെയ്തു. മികച്ചൊരു ഗോളുമായി കൊൽക്കത്തയ്ക്ക് ആശ്വാസം.

അപ്പോഴും ഗോവ പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. കളി തീരാൻ രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോൾ പഴയ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ മാർക്ക് സിഫ്‌നിയോസ് ഗോവയുടെ ഗോളടി പൂർത്തിയാക്കി (5-1).