താപനില ഉയരാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Representational Image

തിരുവനന്തപുരം∙ വടക്കന്‍ കേരളത്തിലെ ഉയര്‍ന്ന അന്തരീക്ഷ താപനില മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെയുള്ള ദിവസങ്ങളില്‍ ശരാശരിയില്‍നിന്നു 4 മുതല്‍ 10 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക, പരമാവധി ശുദ്ധജലം കുടിക്കുക, അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡപ്യൂട്ടി കലക്ടര്‍ അറിയിച്ചു.