മനുഷ്യകുലത്തിന്റെ മഹത്തായ അധ്യാപകരിൽ ഒരാളാണ് ക്രിസ്തു: ഗാന്ധിജിയുടെ കത്ത് ലേലത്തിന്

വാഷിങ്ടൻ∙ ക്രിസ്തുവിന്റെ അസ്തിത്വത്തെക്കുറിച്ചു മഹാത്മാ ഗാന്ധി എഴുതിയ വൈകാരികമായ കത്ത് ലേലത്തിന്. 50,000 യുഎസ് ഡോളറാണ് എഴുത്തിനു വിലയിട്ടിരിക്കുന്നത്. 1926 ഏപ്രിൽ ആറിനു ഗാന്ധിനഗറിലെ സബർമതി ആശ്രമത്തിൽ നിന്നാണു ഗാന്ധിജി കത്തെഴുതിയത്. മങ്ങിയ മഷിയിൽ ടൈപ്പ് ചെയ്ത ലേഖനത്തിൽ ഗാന്ധിജി ഒപ്പിട്ടിട്ടുമുണ്ട്. സ്വകാര്യ വ്യക്തിയുടെ കൈവശമുണ്ടായിരുന്ന കത്ത് ഇപ്പോൾ പെൻസിൽവാനിയയിലെ റാബ് കലക്‌ഷൻ ആണ് വിൽപനയ്ക്കു വച്ചിരിക്കുന്നത്.

‘മനുഷ്യകുലത്തിന്റെ മഹത്തായ അധ്യാപകരിൽ ഒരാളാണ് ക്രിസ്തു’– ഗാന്ധിജി യുഎസിലെ മതനേതാവായ മിൽട്ടൺ ന്യൂബെറി ഫ്രാന്റ്സിന് എഴുതിയ കത്തിൽ പറയുന്നു. ലോക മതങ്ങളുടെ സമാധാനത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാടാണ് എഴുത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് റാബ് കലക്‌ഷൻ തലവൻ നാഥൻ റാബ് അറിയിച്ചു. ‘മറ്റു മനുഷ്യരിൽ സാമാന്യത്വം കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചത് മനുഷ്യകുലത്തിന്റെ അധ്യാപകനായുള്ള ക്രിസ്തുവിലുള്ള വിശ്വാസമാണ്’ – റാബ് വ്യക്തമാക്കി.

‘വളരെ ശക്തവും വൈകാരികവുമായ എഴുത്താണത്. മറ്റു മതങ്ങളെ ബഹുമാനിക്കുന്നുവെന്ന് ഗാന്ധിജി വ്യക്തമാക്കുകയാണ് ഇതുവഴി. അതാണ് ഈ എഴുത്തിനെ ശക്തമാക്കുന്നതും. ക്രിസ്തുവിനെക്കുറിച്ച് ഗാന്ധിജി എഴുതിയ മറ്റു കത്തുകളൊന്നും ഇതുവരെ പുറംലോകത്ത് എത്തിയിട്ടില്ല’ – റാബ് കൂട്ടിച്ചേർത്തു.