കെ.എം.മാണി അഴിമതിക്കാരൻ തന്നെ: കോടിയേരിക്കു മറുപടിയുമായി സുധാകർ റെഡ്ഡി

സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്‍ഡി.

മലപ്പുറം∙ കെ.എം.മാണിയെയും കേരള കോൺഗ്രസിനെയും (എം) മുന്നണിയിലേക്കു സ്വീകരിക്കാൻ ഒരുങ്ങുന്ന സിപിഎമ്മിനെ ‘വെട്ടി’ സിപിഐ ദേശീയ നേതൃത്വം. മുൻ ധനമന്ത്രി കെ.എം.മാണി അഴിമതിക്കാരന്‍ തന്നെയാണെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.

അഴിമതിക്ക് വലിപ്പച്ചെറുപ്പമില്ല. കോണ്‍ഗ്രസിനോളം അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി പ്രാദേശികതലത്തില്‍ സഖ്യങ്ങളാകാം എന്ന സിപിഐ നിലപാടും റെഡ്ഡി ഉയര്‍ത്തിക്കാട്ടി. ബിജെപിയാണു മുഖ്യശത്രുവെന്നും കേരളത്തില്‍ ജെഡിയുവിനെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എം.മാണിക്കെതിരായ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഉൽപ്പന്നമാണു എൽഡിഎഫ്‌ സർക്കാരെന്നും അധികാരത്തിലെത്തിയ ശേഷം ആ നിലപാടിൽ മാറ്റം വരുത്തേണ്ട കാര്യമെന്താണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചോദിച്ചു. മാണി അഴിമതിക്കാരനാണെന്ന സിപിഐ ജനറൽ സെക്രട്ടറിയുടെ അഭിപ്രായംതന്നെയാണു സംസ്ഥാന കമ്മിറ്റിക്കും. എൽഡിഎഫിൽ പുതിയ കക്ഷിയെ എടുക്കാൻ ഒരു കക്ഷി മാത്രം തീരുമാനിച്ചാൽ പോരാ. മുന്നണിയിൽ ചർച്ച ചെയ്യണമെന്നും കാനം പറഞ്ഞു  

തൃശൂരിലെ സിപിഎം സംസ്ഥാന സമ്മേളനത്തിനിടയ്ക്കാണു കോൺഗ്രസിനെക്കാൾ വലിയ അഴിമതിക്കാരല്ല കേരള കോൺഗ്രസെന്നു കോടിയേരി പ്രസ്താവിച്ചത്. മാണിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും അവർ കൂട്ടുകൂടാൻ തയാറുണ്ടോയെന്നു പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.