'ടോയിസ് ആ‍ര്‍ അസ്', 'മേപ്ലിന്‍' പ്രതിസന്ധിയിൽ‍; 5000 പേരുടെ തൊഴിൽ തുലാസില്‍

ലണ്ടന്‍∙ ബേബി കെയര്‍ ഉല്‍പന്നങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും റീട്ടെയിൽ വിതരണക്കാരായ ബ്രിട്ടനിലെ ‘ടോയിസ് ആര്‍ അസ്’ ശൃംഖലയുടെ പ്രവ‍ര്‍ത്തനം നിലയ്ക്കുന്നു. അവതാളത്തിലായ കമ്പനിയുട‌െ ഭരണം അഡ്മിനിസ്ട്രേറ്ററെ ഏല്‍പിച്ചു. കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചാല്‍ നിരവധി മലയാളികള്‍ ഉള്‍പ്പെടെ മൂവായിരത്തിലേറെ പേരുടെ ജോലി നഷ്ടമാകും.

രാജ്യത്തൊട്ടാകെ 105 ഷോറൂമുകളാണ് കമ്പനിക്കുള്ളത്. 33 രാജ്യങ്ങളിലായി 1500 ൽ അധികം ഷോറൂമുകളുള്ള ആഗോള ബ്രാന്‍ഡാണ് ‘ടോയിസ് ആ‍ര്‍ അസ്’. 1985 ൽ ആണ് കമ്പനി ബ്രിട്ടനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ച് ഷോറൂമുകളുമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനി വളരെ പെട്ടെന്നാണ് ഇംഗ്ലണ്ടിലും സ്കോട്ട്ലന്‍ഡിലും വെയില്‍സിലും നോ‍ര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമെല്ലാം പടര്‍ന്നു പന്തലിച്ചത്. ബേബി കെയര്‍, മള്‍ട്ടി മീഡിയ, വിഡിയോ ഗെയിമുകൾ,  ബൈക്കുകള്‍, ഔട്ട് ഡോര്‍ ഫ​ണ്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെയെല്ലാം വില്‍പനയില്‍ രാജ്യത്ത് ഒന്നാമതായിരുന്നു ഇവര്‍.

‘ടോയിസ് ആര്‍ അസ്’ കൂടാതെ ഇലക്ട്രോണിക്സ് റീട്ടെയില്‍ രംഗത്തെ ഭീമന്മാരായ മേപ്ലിന്‍ കമ്പനിയും പ്രതിസന്ധിയിലാണ്. ഈ കമ്പനിയുടെ പ്രവര്‍ത്തനവും അഡ്മിനിസ്ട്രേഷന്‍ നടപടികളിലേക്കാണെന്നാണ് വിവരം. രാജ്യത്താകെ ഇരുന്നൂറിലധികം ഷോറൂമുകളുള്ള കമ്പനിയുടെ പ്രവര്‍ത്തനം താളം തെറ്റിയതോ‌ടെ 2,300 ജോലിക്കാരുടെ ഭാവി പ്രതിസന്ധിയിലായി. ഇതിലും നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.

ആമസോണ്‍, ഇ–ബേ, തുടങ്ങിയ ഓ​ണ്‍ലൈന്‍ സൈറ്റുകളിലൂടെയും കമ്പനി വെബ്സൈറ്റുകളില്‍നിന്നും നേരിട്ടുമുള്ള  കച്ചവടത്തിലേക്ക് ആളുകള്‍ കൂട്ടത്തോടെ മാറുന്നതാണ് ഹൈസ്ട്രീറ്റുകളിലെ ഇത്തരം വന്‍കിട ബ്രാന്‍ഡ് ഷോറൂമുകള്‍ക്ക് പൂട്ടുവീഴാന്‍ കാരണം. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത്തരത്തിൽ ഷോപ്പിങ് മാളുകളില്‍ നിന്നും ഹൈസ്ട്രീറ്റുകളില്‍ നിന്നും അപ്രത്യക്ഷമായ സ്ഥാപനങ്ങള്‍ നിരവധിയാണ്.