നീരവ് മോദിയിൽനിന്ന് പണം തിരികെ വാങ്ങരുത്: കടക്കാരോട് കോടതി

വാഷിങ്ടൻ∙ ഇന്ത്യയിൽ 12,000 കോടിയുടെ തട്ടിപ്പുനടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ നടപടിയെടുക്കുന്നതിൽനിന്നു കടം നൽകിയവരെ വിലക്കി യുഎസ് കോടതി. നീരവിന്റെ ഫയർസ്റ്റാർ ഡയമണ്ട് എന്ന കമ്പനിയെ കടം തിരിച്ചുപിടിക്കൽ നടപടിയിൽനിന്ന് ഒഴിവാക്കിക്കൊണ്ടാണ് ഉത്തരവ്.

ഫയർസ്റ്റാർ ഡയമണ്ടിന്റെ പാപ്പർ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പാപ്പർ ഹർജി നൽകുന്നതോടെ കടം തിരികെ വാങ്ങൽ നടപടികൾക്കു സ്വാഭാവികമായും വിലക്ക് വരുമെന്നും ന്യൂയോർക്ക് ജില്ലാ കോടതി വ്യക്തമാക്കി. വിലക്ക് നിലവിലുള്ളപ്പോൾ കടം നൽകിയയാൾക്കു ഹർജി നൽകുന്നതിനോ സ്വത്തുകൾ കണ്ടുകെട്ടുന്നതിനോ പണം തിരികെ വാങ്ങാൻ ശ്രമിക്കുന്നതിനോ സാധിക്കില്ല. മെയിൽ, ഫോൺ, മറ്റു മാർഗങ്ങൾ തുടങ്ങി ഒരു രീതിയിലും കടം വാങ്ങിയയാളിൽ സമ്മർദം ചെലുത്താൻ പാടില്ല. വിലക്ക് ലംഘിച്ചാൽ പിഴയടയ്ക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നൽകുന്നു.

സംഭവത്തെക്കുറിച്ച് വിശദീകരണം നൽകാൻ കടം നൽകിയവരെ ഈമാസം 30ന് കോടതി വിളിപ്പിച്ചിട്ടുണ്ട്. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് നടത്തിയ ഇടപാടുകളിൽ കൂടുതലും ഫയർസ്റ്റാർ എന്ന കമ്പനിയുടെ പേരിലുള്ളതാണ്.