Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎന്‍എസ്‍വി തരിണി കേപ്ടൗണിൽ; ഇന്ത്യൻ വനിതകളുടെ ചരിത്രയാത്ര അവസാനഘട്ടത്തിലേക്ക്

INSV-Tarini-1 ‘നാവിക സാഗർ പരിക്രമ’ യാത്രയിൽ പങ്കെടുക്കുന്ന നാവിക സേനാംഗങ്ങൾ. (ട്വിറ്റർ ചിത്രം)

ന്യൂഡൽഹി∙ ‘നാവിക സാഗർ പരിക്രമ’ എന്നു പേരിട്ട ചരിത്രദൗത്യമായ സമുദ്രപര്യടനം തുടരുന്ന ഇന്ത്യന്‍ നാവികസേനയിലെ ആറംഗ വനിതാസംഘം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഗോവയിൽനിന്നു യാത്രതിരിച്ച സംഘം, ഏഴു മാസം നീണ്ട യാത്രയ്ക്കൊടുവിൽ ഇന്നു രാവിലെയാണ് കേപ്ടൗണിലെത്തിയത്. രണ്ടാഴ്ചയോളം കേപ്ടൗണിൽ തങ്ങുന്ന സംഘം മാർച്ച് 14നാണ് ഇവിടെനിന്ന് അടുത്ത സ്ഥലത്തേക്ക് യാത്ര തിരിക്കുക.

അഞ്ചു ഘട്ടമായി ക്രമീകരിച്ച യാത്രയിൽ നാലു തുറമുഖങ്ങളില്‍ മാത്രമാണു കപ്പല്‍ നങ്കൂരമിടുന്നത്. ഇതിൽ നാലാമത്തെയും അവസാനത്തെയും തുറമുഖമാണ് കേപ്ടൗൺ. പശ്ചിമ ഓസ്ട്രേലിയയിലെ ഫ്രിമാന്റിൽ തുറമുഖത്താണ് സംഘം ആദ്യം നങ്കൂരമിട്ടത്. ഒക്ടോബർ 23ന് ഇവിടെയെത്തിയ സംഘം നവംബർ അഞ്ചിനാണ് യാത്ര തുടർന്നത്.

നവംബർ 29ന് രണ്ടാം തുറമുഖമായ ന്യൂസീലൻഡിലെ ലിറ്റിൽട്ടനിലെത്തിയ സംഘം ഇവിടെയും രണ്ടാഴ്ച ചെലവഴിച്ചു. ഡിസംബർ 12ന് ഇവിടെനിന്ന് യാത്ര തിരിച്ച സംഘം 2018 ജനുവരി 21ന് മൂന്നാമത്തെ സങ്കേതമായ ഫാക്‌ലൻഡ് ഐലൻഡിലെ സ്റ്റാൻ‌ലി തുറമുഖത്തെത്തി. രണ്ടാഴ്ച ഇവിടെ തങ്ങിയശേഷം ഫെബ്രുവരി നാലിന് കേപ്ടൗണിലേക്കു പുറപ്പെട്ടു.

സമുദ്രപര്യടനത്തിലെ നിർണായക ഘട്ടമായ കേപ് ഹോൺ ഇക്കഴിഞ്ഞ ജനുവരി മധ്യത്തോടെ സംഘം പിന്നിട്ടിരുന്നു. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങൾ സംഗമിക്കുന്ന കേപ് ഹോൺ മറികടക്കുകയെന്നതു സമുദ്രപര്യടനത്തിലെ സുപ്രധാന ഘട്ടമാണ്. ഈ ലക്ഷ്യം മറികടന്ന സംഘാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു.

ഈ വർഷം ഏപ്രിൽ വരെയാണ് ദൗത്യത്തിന്റെ സമയം. പര്യടനത്തില്‍ 21,600 നോട്ടിക്കല്‍ മൈല്‍ ദൂരം പിന്നിടുമെന്നാണു കണക്കാക്കുന്നത്. ‘മേക്ക് ഇൻ ഇന്ത്യ’യെ ലോകത്തിനു പരിചയപ്പെടുത്തുക, വനിതാശാക്തീകരണം എന്നീ ലക്ഷ്യങ്ങളോടെയാണു ‘നാവിക സാഗർ പരിക്രമ’ എന്നുപേരിട്ട യാത്ര.

ലഫ്റ്റനന്റ് കമാന്‍ഡര്‍ വര്‍തിക ജോഷിയാണു നേതാവ്. ലഫ്റ്റനന്റ് കമാന്‍ഡര്‍മാരായ പ്രതിഭ ജാംവല്‍, ലഫ്റ്റനന്റുമാരായ ഐശ്വര്യ ബോഡാപതി, പതാരപ്പള്ളി സ്വാതി, വിജയ ദേവി, പായല്‍ ഗുപ്ത തുടങ്ങിയവരാണു മറ്റ് അംഗങ്ങള്‍.

INSV-Tarini-5 ‘നാവിക സാഗർ പരിക്രമ’ യാത്രയിൽനിന്നുള്ള ചിത്രങ്ങൾ. (ട്വിറ്റർ)
INSV-Tarini-4 ‘നാവിക സാഗർ പരിക്രമ’ യാത്രയിൽനിന്നുള്ള ചിത്രങ്ങൾ. (ട്വിറ്റർ)
INSV-Tarini-3 ‘നാവിക സാഗർ പരിക്രമ’ യാത്രയിൽനിന്നുള്ള ചിത്രങ്ങൾ. (ട്വിറ്റർ)
INSV-Tarini-2 ‘നാവിക സാഗർ പരിക്രമ’ യാത്രയിൽനിന്നുള്ള ചിത്രങ്ങൾ. (ട്വിറ്റർ)
INSV-Tarini-6 ‘നാവിക സാഗർ പരിക്രമ’ യാത്രയിൽനിന്നുള്ള ചിത്രങ്ങൾ. (ട്വിറ്റർ)
INSV-Tarini-7 ‘നാവിക സാഗർ പരിക്രമ’ യാത്രയിൽനിന്നുള്ള ചിത്രങ്ങൾ. (ട്വിറ്റർ)