കൺസഷൻ നിരക്കിൽ മാറ്റം വരുത്തുന്ന ബസുകൾ തടയും: കെഎസ്‍യു

കോഴിക്കോട്∙ ഫെയർ സ്റ്റേജ് പുതുക്കിയതിന്റെ പേരു പറഞ്ഞു വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ മാറ്റം വരുത്തുന്ന സ്വകാര്യ ബസുകൾ വഴിയിൽ തടയുമെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. അമിത നിരക്ക് ഈടാക്കിയ ബസുകൾ തടഞ്ഞതിന്റെ പേരിൽ കൊല്ലത്ത് മിന്നൽ പണിമുടക്കു നടത്തിയാണ് ബസ് ഉടമകൾ പ്രതികരിച്ചത്. ഈ രീതിയിലാണെങ്കിൽ സമരം നടത്തി ബസ് ഉടമകൾ കാലാകാലം വീട്ടിലിരിക്കേണ്ടി വരുമെന്നും അഭിജിത്ത് പറഞ്ഞു.

വിദ്യാർഥികളുടെ പ്രത്യേക നിരക്ക് ബസ് മുതലാളിയുടെ ഔദാര്യമല്ല. വിദ്യാർഥികളുടെ അവകാശം കവർന്നെടുക്കാൻ ശ്രമിക്കുന്ന ഒരു ബസും നിരത്തിലിറക്കാൻ അനുവദിക്കില്ല. ബസ് ഉടമകൾക്ക് എല്ലാ ഒത്താശയും ചെയ്യുന്നതു സർക്കാരാണ്. വിദ്യാർഥികളുടെ നിരക്കു കൂട്ടുന്നതിനുള്ള അന്തർ നാടകമാണ് കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് സമരത്തിന്റെ രൂപത്തിൽ നമ്മൾ കണ്ടത്. ബസ് സമരം സർക്കാർ സ്പോൺസർ ചെയ്ത സമരം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.