ത്രിപുരയിലെ തോല്‍വി; കോണ്‍ഗ്രസ് സഹകരണ ചർച്ച സിപിഎമ്മില്‍ സജീവമാകും

കൊൽക്കത്ത∙ ത്രിപുരയിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയനയത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായിരിക്കെ സിപിഎം ബംഗാള്‍ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും. കോണ്‍ഗ്രസുമായി യാതൊരു ധാരണയും വേണ്ടെന്നു വാദിക്കുന്ന കാരാട്ട് പക്ഷത്തിനും കേരളഘടകത്തിനും എതിരെ രൂക്ഷവിമര്‍ശനത്തിനു സാധ്യത ഏറെയാണ്. യച്ചൂരിയുടെ ലൈനിന് അനുകൂലമായി പാര്‍ട്ടി കോണ്‍ഗ്രസില്‍ കൊണ്ടുവരേണ്ട ഭേദഗതികള്‍ ചര്‍ച്ചയാകും.

ത്രിപുരയിലെ ചെങ്കോട്ട തകര്‍ന്നതോടെ ബിജെപിയെ വീഴ്ത്താന്‍ പാര്‍ട്ടി സ്വീകരിക്കേണ്ട രാഷ്ട്രീയനയത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ വീണ്ടും ബലപ്പെട്ടത്തിനു പിന്നാലെയാണു സിപിഎം ബംഗാള്‍ സംസ്ഥാന സമ്മേളനം തുടങ്ങുന്നത്. ബിജെപിയെന്ന പ്രഥമശത്രുവിനെ നേരിടാന്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നവരാണു ബംഗാള്‍ ഘടകം. ത്രിപുരയിലെ തോല്‍വിയോടെ കോണ്‍ഗ്രസ് ഉള്‍പ്പെട്ട വിശാല മതേതരസഖ്യം വേണമെന്ന ആവശ്യത്തിനു കൂടുതല്‍ പ്രസക്തിയേറിയിരിക്കുകയാണെന്നാണു ബംഗാള്‍ നേതാക്കള്‍ പറയുന്നത്.

ത്രിപുരയെ വിഴുങ്ങിയ കാവി ബംഗാളിലേക്കും വൈകാതെയെത്തുമെന്ന ആശങ്ക ബംഗാള്‍ നേതാക്കള്‍ക്കുണ്ട്. കേരളത്തിലെ അധികാരം മാത്രമല്ല പാര്‍ട്ടിയുടെ അതിജീവനം കൂടി കണക്കിലെടുക്കണമെന്ന് ഇവര്‍ പറയുന്നു. യച്ചൂരി ലൈന്‍ കേന്ദ്രകമ്മിറ്റി തള്ളിയെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭേദഗതികള്‍ വരും. ഇക്കാര്യം ബംഗാള്‍ സംസ്ഥാന സമ്മേളനത്തില്‍ ഉയരും.

സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം.എ. ബേബി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തു സൂര്യകാന്ത് മിശ്ര തുടരാനാണു സാധ്യതയെങ്കിലും മുഹമ്മദ് സലിമിന്‍റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.