മലേഷ്യൻ വിമാനം കണ്ടെത്തുമെന്നു സൂചന; സാധ്യത 85%; തിരച്ചിൽ സമയം നീട്ടി

ക്വാലലംപുർ∙ മലേഷ്യ എയർലൈൻസിന്റെ എംഎച്ച് 370 കാണാതായി നാലു വർഷമായെങ്കിലും പ്രതീക്ഷ കൈവിടാതെ അധികൃതർ. അവസാന ശ്രമമെന്ന നിലയിൽ നടത്തുന്ന തിരച്ചിലിന്റെ കാലാവധി ജൂണിൽ അവസാനിക്കും. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രം പ്രതിഫലം നൽകുന്ന കരാർ പ്രകാരം ഓഷ്യൻ ഇൻഫിനിറ്റി എന്ന കമ്പനിയാണു തിരച്ചിൽ നടത്തുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിൽ 25,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു നടത്തുന്ന തിരച്ചിലിൽ വിമാനത്തിന്റെ അവശിഷ്ടം ലഭിക്കാനായി 85% വരെ സാധ്യതയുണ്ടെന്നു മലേഷ്യയുടെ സിവിൽ ഏവിയേഷൻ വകുപ്പ് തലവൻ അസ്ഹറുദ്ദിൻ അബ്ദുൽ റഹ്മാൻ പറഞ്ഞു. കാണാതായവരുടെ ഓർമ പുതുക്കല്‍ ചടങ്ങുകൾ നടക്കുമ്പോൾ ബന്ധുക്കളും പങ്കുവയ്ക്കുന്നത് അതേ പ്രത്യാശയാണ് – തിരച്ചിലിനൊടുവിൽ അവരുടെ പ്രിയപ്പെട്ടവർക്ക് എന്തു സംഭവിച്ചുവെന്നതിന്റെ ഒരു നേരിയ സൂചനയെങ്കിലും ലഭിക്കുമെന്ന്. 

ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെ 2014 മാർച്ച് എട്ടിനാണ് മലേഷ്യ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതാകുന്നത്. പറന്നുയർന്ന് 38 മിനിറ്റിനകം വിമാനത്തിൽനിന്നുള്ള സിഗ്നലുകൾ നഷ്ടപ്പെടുകയായിരുന്നു. വിമാനം എവിടെയാണെന്നു വ്യക്തമാക്കുന്നതിനു സഹായിക്കുന്ന സിഗ്നലുകൾ അയയ്ക്കുന്ന സംവിധാനവും തകരാറിലായി. ഇതാണു ദുരൂഹത ഉയർത്തുന്നത്.

Read: ആ 'കാര്‍ഗോ' ആയിരുന്നു അവരുടെ ലക്ഷ്യം; മലേഷ്യന്‍ വിമാനം ലോകത്തിലെ ആദ്യ 'സ്‌കൈജാക്കിങ്' ഇര!

വിമാനം കടലിൽ തകർന്നു വീണതാണെന്നും ഹൈജാക്ക് ചെയ്തതാണെന്നുമുള്ള റിപ്പോർട്ടുകള്‍ അതിനിടെ പുറത്തെത്തി. സർക്കാർ തലത്തിലും ചൈനയുടെയും ഓസ്ട്രേലിയയിലൂടെയും സഹായത്തോടെയും മൂന്നു വർഷത്തോളം തിരച്ചിൽ നടത്തി. പലയിടത്തുനിന്നും എംഎച്ച് 370യുടേതാണെന്നു കരുതുന്ന അവശിഷ്ടങ്ങളും ലഭിച്ചു. എന്നാൽ കൂടുതൽ തെളിവുകൾ ഇല്ലാതായതോടെ കഴിഞ്ഞ വർഷം ഔദ്യോഗികമായിത്തന്നെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

പിന്നീടു ജനുവരിയിലാണു ടെക്സസ് ആസ്ഥാനമായുള്ള ഓഷ്യൻ ഇൻഫിനിറ്റി കമ്പനി മലേഷ്യൻ സർക്കാരിനെ സമീപിക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രം പണമെന്നാണു കരാർ. ജനുവരി 22ന് ആരംഭിച്ച് 90 ദിവസത്തേക്കായിരുന്നു കാലാവധി. എന്നാൽ തിരച്ചിൽ വിമാനത്തിന്റെ ഇന്ധനം ഓസ്ട്രേലിയയിൽ പോയി നിറയ്ക്കേണ്ട പ്രശ്നവും പ്രതികൂല കാലാവസ്ഥയും ഉൾപ്പെടെ തിരിച്ചടിയായതോടെ ഏതാനും മാസം കൂടി സമയം അനുവദിച്ചു. ആ കാലാവധിയാണു ജൂണിൽ അവസാനിക്കുക.

Read: മലേഷ്യൻ വിമാനം തിരയാൻ എട്ട് മുങ്ങിക്കപ്പലുകൾ

വിമാനം കണ്ടെത്തുന്നതിനു തൊട്ടടുത്തെത്തിയ നിലയിലാണു തിരച്ചിലെന്നാണു മലേഷ്യ പറയുന്നത് – 85 ശതമാനമാണു സാധ്യത. അതിനാലാണു സമയം നീട്ടി നൽകിയതെന്നും പറയുന്നു. വിമാനം കണ്ടെത്തിയാൽ, തിരച്ചിൽ നടത്തിയ ഭാഗത്തിന്റെ വിസ്തീർണമനുസരിച്ചാണു തുക നൽകുക.

5000 ച.കിലോമീറ്ററിൽ വിമാനം കണ്ടെത്തിയാൽ രണ്ടു കോടി ഡോളറായിരിക്കും നൽകുക. 15,000 ച.കിലോമീറ്ററിലാണെങ്കിൽ മൂന്നു കോടി ഡോളറും 25,000 ച.കിലോമീറ്ററിൽ നിന്നാണെങ്കിൽ അഞ്ചു കോടി ഡോളറും. അതിനുമപ്പുറത്തേക്കു വിമാനത്തിനു വേണ്ടി തിരച്ചിൽ വ്യാപിപ്പിച്ചാൽ നൽകുക ഏഴു കോടി ഡോളറായിരിക്കും.