Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎൻബി തട്ടിപ്പ്: മലയാളിയായ ശിവരാമൻ നായർ ഉള്‍പ്പെടെ നാലുപേർ കൂടി അറസ്റ്റിൽ

PNB-Punjab-National-Bank

ന്യൂഡൽഹി∙ വജ്ര വ്യാപാരി നീരവ് മോദി ഉൾപ്പെട്ട പിഎന്‍ബി ബാങ്ക് തട്ടിപ്പു കേസിൽ ഒരു മലയാളി ഉൾപ്പെടെ നാലു പേർകൂടി അറസ്റ്റിലായി. രണ്ടു ബാങ്ക് ജീവനക്കാർ, നീരവ് മോദി ഗ്രൂപ്പിലെ ഓഡിറ്റർ, ഗീതാഞ്ജലി ഗ്രൂപ്പ് ഡയറക്ടർ എന്നിവരെയാണ് സിബിഐ ഞായറാഴ്ച അറസ്റ്റു ചെയ്തത്. പാലക്കാട് സ്വദേശി അനിയത്ത് ശിവരാമൻ നായരാണ് അറസ്റ്റിലായ മലയാളി. മെഹുൽ ചോക്സ്കിയുടെ കമ്പനി ഡയറക്ടറാണ് ഇയാൾ.

കേസിൽ തങ്ങൾ നിരപരാധികളാണെന്ന് ശിവരാമൻ നായരുടെ കുടുംബം നേരത്തെ അവകാശപ്പെട്ടിരുന്നു. ഗില്ലി ഇന്ത്യ ലിമിറ്റ‍ഡ് കമ്പനിയുടെ ഡയറക്ടർ സ്ഥാനം ശിവരാമൻ നായർ വർഷങ്ങളായി വഹിക്കുകയാണ്. എന്നാൽ, ക്രമക്കേട് സംബന്ധിച്ചുള്ള വിവരം കേസ് വന്നശേഷം മാത്രമാണ് അറിയുന്നതെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം.

ഫെബ്രുവരി 13ന് പിഎൻബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പുതിയ എഫ്ഐആർ പ്രകാരം 4886.72 കോടിയുടെ നഷ്ടമാണ് കാണിക്കുന്നത്. 11,300 കോടിയിലെ ബാക്കി തുകയുടെ നഷ്ടം സംബന്ധിച്ച എഫ്ഐആർ ജനുവരി 31ന് റജിസ്റ്റർ ചെയ്തിരുന്നു. കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) 1217.2 കോടിയിലേറെ രൂപ മതിക്കുന്ന 41 വസ്തുവകകൾ നേരത്തെ കണ്ടുകെട്ടിയിട്ടുണ്ട്. നീരവ് മോദിക്കും മെഹുൽ ചോക്സ്കിയ്ക്കും എതിരായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും നിലനിൽക്കുന്നുണ്ട്.

ഫെബ്രുവരി മൂന്നിനും നാലിനും നീരവ് മോദി, ആമി മോദി, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലടക്കം 21 വ്യത്യസ്ത സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിൽ കോടിക്കണക്കിനു രൂപ മൂല്യമുള്ള വജ്രാഭരണങ്ങളാണു കണ്ടെടുത്തത്. ഇതിനുപുറമെ വിവിധ രേഖകളും പിടിച്ചെടുത്തിരുന്നു.