യുഎസിനു പിന്നാലെ ഇസ്രയേലിൽ എംബസി തുറക്കുമെന്ന് ഗ്വാട്ടിമാലയും

ജിമ്മി മൊറേൽസ്

വാഷിങ്ടൻ ∙ യുഎസിനു പിന്നാലെ, ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാൻ ഗ്വാട്ടിമാലയും ഒരുങ്ങുന്നു. മേയിൽ എംബസി ജറുസലമിലേക്കു മാറ്റി സ്ഥാപിക്കുമെന്ന് ഗാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറേൽസ് അറിയിച്ചു. അമേരിക്കൻ ഇസ്രയേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി (എഐപിഎസി) വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യുഎസ് എംബസി ജറുസലമിലേക്കു മാറ്റി രണ്ടു ദിവസത്തിനുശേഷം ഗ്വാട്ടിമാലൻ എംബസിയും മാറ്റി സ്ഥാപിക്കും. ഈ തീരുമാനമെടുത്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് നന്ദി പറയുന്നു’ – മൊറേൽസ് പറഞ്ഞു.

ഇക്കഴിഞ്ഞ ഡിസംബറിലാണ് യുഎസ് ജറുസലമിലേക്ക് എംബസി മാറ്റുന്ന കാര്യം പ്രഖ്യാപിച്ചത്. ഇതു വലിയ പ്രതിഷേധങ്ങൾക്കു വഴിവച്ചു. മേഖലയിലെ പ്രശ്നങ്ങളിൽ ഇനി യുഎസിനു മധ്യസ്ഥത വഹിക്കാനാവില്ലെന്നും അവർ പക്ഷപാതപരമായി പ്രവർത്തിച്ചെന്നും വിമർശനമുയർന്നു. പക്ഷേ, ഗ്വാട്ടിമാലയുൾപ്പെടെ ഏഴു രാജ്യങ്ങൾ ഈ നീക്കത്തോടു അനുഭാവം പ്രകടിപ്പിച്ചിരുന്നു.

ഇസ്രയേല്‍ രൂപീകരണത്തിന്റെ 70 ാം വാർഷികമായ മേയ് 14ന് ജറുസലമിൽ എംബസി തുറക്കാനാണ് വൈറ്റ് ഹൗസിന്റെ പദ്ധതി.