ബ്ലാസ്റ്റേഴ്സിൽ താരങ്ങൾ കൊഴിയുന്നു; ജാക്കിചന്ദ് ഗോവയിൽ, മിലൻ മുംബൈയിലേക്ക്

കൊച്ചി ∙ ഇന്ത്യൻ സൂപ്പർലീഗിൽ പ്ലേ ഓഫിലെത്താതെ പുറത്തായതിനു പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സിൽനിന്ന് താരങ്ങൾ കൊഴിയുന്നു. പരിശീലകൻ ഡേവിഡ് ജയിംസിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് നാട്ടിലേക്കു മടങ്ങിയ സൂപ്പർതാരം ദിമിതർ ബെർബറ്റോവിനു പിന്നാലെ മധ്യനിര താരം ജാക്കിചന്ദ് സിങ് ഉൾപ്പെടെയുള്ളവർ മറ്റു ടീമുകളുമായി കരാറിലെത്തി. ജാക്കിചന്ദ് സിങ് എഫ്സി ഗോവയുമായി രണ്ടു വർഷത്തെ കരാർ ഒപ്പിട്ടെന്നാണ് റിപ്പോർട്ട്. 1.9 കോടി രൂപയ്ക്കാണ് ജാക്കിചന്ദിന്റെ കൂടുമാറ്റം. ഡേവിഡ് ജയിംസിനെ 2021 വരെ പരിശീലകനായി നിലനിർത്തിയതിനു പിന്നാലെയാണ് പ്രമുഖ താരങ്ങളുടെ കൊഴിഞ്ഞുപോക്ക്.

മറ്റൊരു മധ്യനിരതാരം മിലൻ സിങ് മുംബൈ സിറ്റി എഫ്സിയുമായി കരാറിലെത്തിയെന്നാണ് സൂചന. കരാർ തുകയെക്കുറിച്ച് സൂചനകളില്ല. മുന്‍ ബ്ലാസ്റ്റേഴേസ് താരം മാര്‍ക് സിഫ്നിയോസും സീസൺ പാതിവഴിയിൽ നിൽക്കെ ടീം വിട്ട് ഗോവയിലെത്തിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ടീം വിടുമെന്ന സൂചനകൾ ശക്തമാണ്. അതേസമയം, അടുത്ത സീസൺ മുതലാകും താരങ്ങൾ പുതിയ ക്ലബ്ബുകളിലേക്കു ചേക്കേറുക. ഉടൻ ആരംഭിക്കുന്ന സൂപ്പർകപ്പിൽ ഈ താരങ്ങളെല്ലാം ഒരിക്കൽക്കൂടി ബ്ലാസ്റ്റേഴ്സ് നിരയിൽ കാണാനാണ് സാധ്യത.

∙ ബെർബയുടെ ഒളിയമ്പ്

ദോഹ വഴി ബൾഗേറിയയിലേക്കുള്ള യാത്രയ്ക്കിടെ ബെർബ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ: ‘‘മോശം കോച്ച്. മോശം ഉപദേശം. പന്ത് സ്ട്രൈക്കർമാരുടെ നെഞ്ചിലേക്ക് ഉയർത്തിവിടുക. എന്തുചെയ്യാനാകുമെന്നു പിന്നീടു നോക്കുക. ഇതായിരുന്നു കോച്ചിന്റെ ഉപദേശം. ഇത്രയും മോശം തന്ത്രം മുൻപു കണ്ടിട്ടില്ല.’’ ‘സീസൺ ഫിനിഷ്ഡ്, ടൈം ടു ഗോ ഹോം’ എന്ന അടിക്കുറിപ്പും ചേർത്തിട്ടുണ്ട്, വിമാനത്തിൽ ഇരിക്കുന്ന ചിത്രത്തോടൊപ്പം. 

∙ തിരക്കഥ: മ്യൂലൻസ്റ്റീൻ?

എന്തുകൊണ്ടു ബെർബ കേരളം വിട്ടശേഷം ഡേവിഡ് ജയിംസിനെതിരെ പ്രതികരിച്ചു? മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ ഗുരുവായിരുന്ന സർ അലക്സ് ഫെർഗൂസന്റെ സഹപരിശീലകൻ ആയിരുന്ന റെനി മ്യൂലൻസ്റ്റീന്റെ അജൻഡയാവാം ബെർബയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. സീസണിന്റെ തുടക്കം മോശമായതിനെ തുടർന്നു റെനിയെ ഇക്കഴിഞ്ഞ ജനുവരി ആദ്യവാരത്തിൽ ബ്ലാസ്റ്റേഴ്സ് പുറത്താക്കുകയും ഡേവിഡ് ജയിംസിനെ കൊണ്ടുവരികയും ചെയ്തു.

റെനിയുമായി നല്ല അടുപ്പമുണ്ട് ബെർബയ്ക്ക്. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ കടുത്ത മദ്യപാനിയാണെന്ന് കേരളം വിട്ടതിനുശേഷം റെനി ആരോപിച്ചിരുന്നു. അതിന്റെ അടുത്ത അധ്യായമാണ് ബെർബയുടെ ഡയലോഗ് എന്നു കരുതാം. ലോകോത്തര സ്ട്രൈക്കർ എന്ന വിശേഷണത്തോടെ എത്തിയെങ്കിലും ടീമിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല എന്നതു മറച്ചുവയ്ക്കാനുമാവാം ഈ പരാമർശം.