Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ധനകാര്യ വിദഗ്ധന്റെ കാലത്താണു ബാങ്കിങ് രംഗം കുത്തഴിഞ്ഞത്: മൻമോഹനെതിരെ ബിജെപി

Ravishankar-Prasad-Manmohan-Singh രവിശങ്കർ പ്രസാദ്, മന്‍മോഹൻ സിങ്

ന്യൂഡൽഹി∙ ഇന്ത്യയിലെ ബാങ്കിങ് രംഗം മുഴുവനായും കുത്തഴിഞ്ഞുപോയതു കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്താണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തെ ‘അനാവശ്യ ഇടപെടലു’കളാണു ബാങ്കിങ് രംഗം തകർത്തതെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തു നൽകിയ ഒരു വായ്പ പോലും നിഷ്ക്രിയ ആസ്തിയായി മാറിയിട്ടില്ല. യുപിഎ സർക്കാരിന്റെ കാലത്തു ബാങ്കിങ് രംഗവുമായി ബന്ധപ്പെട്ട ചട്ടങ്ങളൊന്നും കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വജ്രവ്യാപാരി നീരവ് മോദി ഉൾപ്പെട്ട പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ളവ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണു കോൺഗ്രസിനെ ആക്രമിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയത്. പിഎൻബി ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്നു വലിയ ബഹളം ഉണ്ടാക്കിയിരുന്നു. ഇതോടെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ച ബജറ്റ് സമ്മേളനം ഇരു സഭകളിലും മുടങ്ങുകയും ചെയ്തു.

കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ സർക്കാർ അധികാരത്തിലിരുന്ന 2008ൽ വിവിധ ബാങ്കുകൾ മുൻകൂറായി നൽകിയത് 18.06 ലക്ഷം കോടി രൂപയാണെന്നു ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ രവിശങ്കർ പ്രസാദ് പറഞ്ഞു. 2014 മാർച്ച് ആയപ്പോഴേക്കും ഈ തുക 52.15 ലക്ഷം കോടിയായി ഉയർന്നു. ഇതിൽ സ്ട്രെസ്ഡ് അസറ്റായി (സമ്മർദിത ആസ്തി) കണ്ടെത്തിയത് 36 ശതമാനം തുക മാത്രമായിരുന്നു. എന്നാൽ, ഇന്ന് ആ തുകയിലെ 82 ശതമാനവും സ്ട്രസ്ഡ് അസറ്റായി മാറിക്കഴിഞ്ഞതായും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി.

സ്വർണ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യമിട്ടു യുപിഎ സർക്കാർ 2013ല ഓഗസ്റ്റിൽ നടപ്പാക്കിയ 80:20 സ്വർണ ഇറക്കുമതി പദ്ധതിയും വിവിധ കമ്പനികൾ മുതലെടുത്തതായി അദ്ദേഹം ആരോപിച്ചു. എൻഡിഎ സർക്കാർ അധികാരത്തിലേറിയപ്പോൾ ഈ പദ്ധതി നിർത്തലാക്കിയിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ദിവസം ഈ പദ്ധതിയുടെ മറവിൽ എഴു കമ്പനികൾക്ക് അന്നത്തെ ധനകാര്യമന്ത്രി ക്ലിയറൻസ് നൽകി. മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി കമ്പനിയും ഇക്കൂട്ടത്തിലുണ്ട്. ഈ ഏഴു സ്വകാര്യ കമ്പനികൾക്കു തിരഞ്ഞെടുപ്പു ഫലം വന്ന അന്നുതന്നെ ക്ലിയറൻസ് നൽകിയതിന്റെ കാരണം പി.ചിദംബരവും രാഹുൽ ഗാന്ധിയും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

related stories