സിറിയൻ സേനയുടെ കൈവശം 33% പ്രദേശം; കിഴക്കൻ ഗൂട്ടയിൽ പോരാട്ടം കനക്കുന്നു

ആക്രമണത്തിൽ തകർന്ന കിഴക്കൻ ഗൂട്ട നഗരം.

ബെയ്റൂട്ട്∙ സിറിയയിൽ വിമതരുടെ കൈവശമുള്ള കിഴക്കൻ ഗൂട്ട തിരിച്ചുപിടിക്കാനുള്ള സിറിയൻ സേനയുടെ പോരാട്ടം ഒരു ചുവടുകൂടി മുന്നേറി. വിമതർ കൈവശം വച്ചിരുന്ന മൂന്നാമത്തെ പ്രദേശം കൂടി സിറിയൻ സേന പിടിച്ചെടുത്തു. ഇതോടെ, കിഴക്കൻ ഗൂട്ടയിലെ 33% പ്രദേശം സിറിയൻ സേനയുടെ കൈവശമായി.

കൃഷിക്കളങ്ങളുള്ള പ്രദേശത്താണ് ഇപ്പോൾ പോരാട്ടം പ്രധാനമായും നടക്കുന്നതെന്നും സൈന്യം മികച്ച രീതിയിലാണു മുന്നേറുന്നതെന്നും ബ്രിട്ടൻ ആസ്ഥാനമായ സന്നദ്ധ സംഘടന സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. സർക്കാർ സേന ഇപ്പോൾ കിഴക്കൻ ഗൂട്ടയിലെ പ്രധാന നഗരമായ ഡോമയുടെ തെക്കു കിഴക്ക് രണ്ടു കിലോമീറ്റർ മാറിയാണുള്ളത്.

2012 ലാണ് കിഴക്കൻ ഗൂട്ടയുടെ നിയന്ത്രണം സിറിയൻ സർക്കാരിനു നഷ്ടപ്പെടുന്നത്. ഇസ്‌ലാമിക്, ജിഹാദി സംഘടനകളുടെ കൈവശമാണ് ഇപ്പോഴിത്. പിന്നീടു പല തവണയായി മേഖലയുടെ മൂന്നിൽ രണ്ടുഭാഗം സിറിയൻ സേന പിടിച്ചെടുത്തിരുന്നു.