Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയിൽ നിന്ന് പിന്മാറ്റത്തിന് യുഎസ് ഒരുങ്ങുന്നു

Islamic State

വാഷിങ്‌ടൻ ∙ ഭീകരസംഘടനയായ ഐഎസിനെ സിറിയയിൽ പരാജയപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐഎസ് കീഴടക്കിയ ഭൂപ്രദേശങ്ങൾ തിരിച്ചുപിടിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലായതോടെ, സിറിയയിലെ അമേരിക്കൻ സൈനികരെ പിൻവലിക്കാൻ യുഎസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണു ട്രംപിന്റെ പ്രഖ്യാപനം. സേനാ പിൻമാറ്റത്തിനു വൈറ്റ് ഹൗസ് പെന്റഗണിന് ഉത്തരവു നൽകിയെന്നാണു റിപ്പോർട്ടെങ്കിലും എന്നു മുതലെന്നു വ്യക്തമല്ല.

നിലവിൽ രണ്ടായിരത്തോളം യുഎസ് സൈനികരാണു സിറിയയിലുള്ളത്. ഐഎസിനെതിരെ പോരാടുന്ന കുർദ്, അറബ് സായുധ വിഭാഗങ്ങളുടെ കൂട്ടായ്‌മയായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസിന് (എസ്‌ഡിഎഫ്) പരിശീലനം നൽകുകയാണ് യുഎസ് സൈന്യം ചെയ്യുന്നത്. യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുന്നില്ല. സിറിയയിൽ നിന്നുള്ള സൈന്യത്തെ പിൻവലിച്ചാലും ഇറാഖിലുള്ള 5200 സൈനികർ തുടരും. 2014 ൽ ഐഎസ് ഇറാഖിലെയും സിറിയയിലെയും വലിയൊരു ശതമാനം ഭൂപ്രദേശം പിടിച്ചടക്കിയിരുന്നു.

ഐഎസിനെ പരാജയപ്പെടുത്തിയെന്നാണു ട്രംപ് അവകാശപ്പെടുന്നതെങ്കിലും ഐഎസ് ശക്തി കേന്ദ്രങ്ങൾ ഇപ്പോഴുമുണ്ടെന്നാണു സൈനിക വിദഗ്ധരുടെ വിലയിരുത്തൽ. പെന്റഗൺ പ്രതികരിച്ചിട്ടില്ല. യുഎസ് സൈന്യം സിറിയയിലെ കുർദുകൾക്കു പിന്തുണ നൽകുന്നതിൽ തുർക്കിക്കു ശക്തമായ എതിർപ്പുണ്ട്. ഉത്തര സിറിയയിലെ യുഎസ് പിന്തുണയുള്ള കുർദ് പോരാളികൾക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് കഴിഞ്ഞയാഴ്ച തുർക്കി മുന്നറിയിപ്പു നൽകിയിരുന്നു.