വിഷവസ്തു പ്രയോഗത്തില്‍ റഷ്യന്‍ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടി: ബ്രിട്ടൻ

ലണ്ടന്‍∙ ബ്രിട്ടന്‍ അഭയം നല്‍കിയിരുന്ന മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കും നേരെയുണ്ടായ വിഷവസ്തു പ്രയോഗത്തില്‍ റഷ്യന്‍ പങ്കു തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നു ബ്രിട്ടന്റെ മുന്നറിയിപ്പ്. സംഭവത്തിനു പിന്നില്‍ റഷ്യന്‍ കരങ്ങളുണ്ടെന്നു തെളിഞ്ഞാല്‍ ശക്തമായ പ്രതികരണം ഉറപ്പാണെന്നു ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണാണു വ്യക്തമാക്കിയത്. ഹോം സെക്രട്ടറി അംബര്‍ റൂഡിന്റെ അധ്യക്ഷതയില്‍ അടിയന്തിര കോബ്ര യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ശക്തമായ അന്വേഷണത്തിനു സര്‍ക്കാര്‍ തീരുമാനിച്ചു.

റഷ്യന്‍ ഇടപെടല്‍ വ്യക്തമായാല്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചര്‍ച്ച ചെയ്തതായാണു വിവരം. മോസ്കോയില്‍ ഉടന്‍ ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ ബഹിഷ്കരിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പോലും ബ്രിട്ടന്റെ പരിഗണനയിലുണ്ടെന്നാണു ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ ബ്രിട്ടന്റെ ആശങ്കകളെ റഷ്യ തള്ളിക്കളഞ്ഞു. സംഭവത്തെക്കുറിച്ചു തങ്ങള്‍ക്കു യാതൊരു അറിവുമില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. ബ്രിട്ടൻ ആവശ്യപ്പെട്ടാല്‍ അന്വേഷണത്തോടു സഹകരിക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ റഷ്യയാണെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകളെ ബ്രിട്ടനിലെ റഷ്യന്‍ എംബസി അപലപിച്ചു.

ഇതിനിടെ ഇക്കാര്യത്തില്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും ശക്തമായ അന്വേഷണം തുടരുകയാണെന്നും ഏതാനും മണിക്കൂറിനുള്ളില്‍ വ്യക്തമായ ചിത്രം പുറത്തുവരുമെന്നും ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംബര്‍ റൂഡ് വ്യക്തമാക്കി.

ഞായറാഴ്ച ബ്രിട്ടനിലെ സാലിസ്ബറിയില്‍ വച്ചായിരുന്നു ബ്രിട്ടനുവേണ്ടി ചാരപ്പണി ചെയ്തിരുന്ന മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ സെര്‍ജി സ്ക്രിപലിനും(66) മകള്‍ യൂലിയയ്ക്കും(33) നേരേ വിഷവസ്തു പ്രയോഗം ഉണ്ടായത്. അബോധാവസ്ഥയിലായ ഇരുവരും ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

ഷോപ്പിങ് സെന്ററിലെ റസ്റ്ററന്റിനു മുന്നിലിരുന്ന ഇരുവരും പെട്ടെന്ന് അസ്വാഭാവികമായ സ്വഭാവമാറ്റം കാണിക്കുകയും പിന്നീട് അബോധാവസ്ഥയിലാവുകയുമായിരുന്നു. ഇവരുടെ സമീപത്തുകൂടി നടന്നുപോയ ദമ്പതികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

റഷ്യന്‍ സൈന്യത്തിലെ മുന്‍ കേണലായിരുന്നു സെര്‍ജി. യൂറോപ്പില്‍ പലയിടങ്ങളിലായുള്ള റഷ്യന്‍ ഏജന്റുമാരുടെ വിവരങ്ങള്‍ ബ്രിട്ടനു ചോ‍ത്തി നല്‍കിയതിനു പിന്നീട് റഷ്യന്‍ പൊലീസിന്റെ പിടിയിലായി. വിചാരണയ്ക്കു ശേഷം തടവിലായിരുന്ന ഇദ്ദേഹത്തെ പിന്നീടു കുറ്റവാളി കൈമാറ്റ വ്യവസ്ഥയുടെ ഭാഗമായി അമേരിക്കയ്ക്കു കൈമാറി. അമേരിക്കയില്‍നിന്നാണ് ഇദ്ദേഹം ഏതാനും വര്‍ഷം മുമ്പ് ബ്രിട്ടനിലെത്തി കുടുംബത്തോടൊപ്പം ചേര്‍ന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഭാര്യയും മകനും മരിച്ചു. പിന്നീടു ബ്രിട്ടനില്‍ പ്രത്യേക താമസ സൗകര്യവും പെന്‍ഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഇദ്ദേഹത്തിന് അനുവദിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് വാഹനാപകടത്തിലായിരുന്നു മകന്റെ മരണം.

മറ്റൊരു റഷ്യന്‍ ചാരനായിരുന്ന അലക്സാണ്ടര്‍ ലിത്വിനങ്കോയും 2006ല്‍ ഏറെക്കുറെ സമാനമായ സാഹചര്യത്തില്‍ വിഷപ്രയോഗത്തിനിരയായി ബ്രിട്ടനില്‍ കൊല്ലപ്പെട്ടിരുന്നു. പൊളോണിയം എന്ന രാസവസ്തു ഉപയോഗിച്ചായിരുന്നു അദ്ദേഹത്തെ അപായപ്പെടുത്തിയത്. ഇതിനു പിന്നില്‍ റഷ്യയാണെന്ന് അന്നുമുതല്‍ ബ്രിട്ടന് ആരോപിക്കുന്നതാണ്. ഈ തര്‍ക്കം നിലനില്‍ക്കെയാണ് ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ തര്‍ക്കവിഷയമായി സെർജിയുടെ സംഭവം ഉണ്ടായിരിക്കുന്നത്.