Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ ക്ഷമ പറഞ്ഞാൽ പോരാ; നടപടി വേണമെന്ന് ബിജെപിയോട് കമല്‍ഹാസന്‍

Kamal-Raja

ചെന്നൈ∙ പെരിയാറിനെതിരായ പരാമർശത്തിൽ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ ക്ഷമ പറഞ്ഞാൽ പോരെന്ന് ‘മക്കൾ നീതി മയ്യം’ പ്രസിഡന്റും ചലച്ചിത്രനടനുമായ കമൽഹാസൻ. ഇക്കാര്യത്തിൽ രാജയ്ക്കെതിരെ നടപടി എടുത്താൽ മാത്രമേ ബിജെപിയുടെ ആത്മാർത്ഥത പ്രകടമാവുകയുള്ളൂ. പെരിയാറിന്റെ പ്രതിമകൾ സംരക്ഷിക്കാൻ തമിഴ്നാട്ടിലെ ജനങ്ങൾക്കറിയാം. കാവേരി മാനേജ്മെന്റ് ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്നും വഴിതിരിക്കാനാണ് ഇത്തരം നീക്കങ്ങളെന്നും കമൽഹാസൻ ആരോപിച്ചു.

ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതുപോലെ പെരിയാറിന്റെ പ്രതിമ തകർക്കുമെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിൽ ക്ഷമ ചോദിച്ച് എച്ച്.രാജ രംഗത്തെത്തിയിരുന്നു. അതേസമയം, വെല്ലൂരിൽ പെരിയാറിന്റെ പ്രതിമ തകർത്തിൽ പ്രതിഷേധം ശക്തമായി. കോയമ്പത്തൂരിൽ ബിജെപി ഓഫിസിനുനേരെ അജ്ഞാതർ ബോംബെറിഞ്ഞു. പ്രതിമകൾ തകർക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നിർദേശം നൽകി.

രാജയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയുടെ നേതൃത്വത്തിൽ ചെന്നൈ സെയ്ദാപേട്ടിൽ പ്രതിഷേധയോഗം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പാർട്ടികളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ നടന്നു. ബിജെപിയുടെ ദലിത് വിരുദ്ധ മുഖം പ്രകടമായെന്ന് കോൺഗ്രസ് പ്രതികരിച്ചു. ജനങ്ങളുടെ മനസിൽനിന്ന് പെരിയാറിനെ മായ്ക്കാനാവില്ലെന്ന് നടൻ സത്യരാജ് പറഞ്ഞു.