ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു: കിമ്മിനെ ‘സ്വാഗതം’ ചെയ്ത് ട്രംപ്

ഡോണൾഡ് ട്രംപ്, കിം ജോങ് ഉൻ.

വാഷിങ്ടൻ∙ ചര്‍ച്ചകള്‍ക്കു തയാറെന്ന ഉത്തരകൊറിയന്‍ നിലപാടിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വര്‍ഷങ്ങള്‍ക്കിപ്പുറം ഗുണപരമായ നീക്കങ്ങള്‍ നടക്കുന്നുവെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. ചിലപ്പോള്‍ പ്രതീക്ഷകള്‍ അസ്ഥാനത്താവാമെന്നും പ്രസിഡന്‍റ് പറഞ്ഞു.  സമാധാന ചര്‍ച്ചകളും കര്‍ശന ഉപരോധങ്ങളും സമാന്തരമായി പോവുമെന്നു പിന്നീട് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഉത്തരകൊറിയയെ ആക്രമിക്കില്ലെന്ന് ഉറപ്പു കിട്ടിയാൽ ആണവായുധം ഉപേക്ഷിക്കാമെന്നും സമാധാന ചർച്ച നടത്താമെന്നും ഏകാധിപതി കിം ജോങ് ഉൻ കഴിഞ്ഞദിവസമാണ് അറിയിച്ചത്. ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇന്നിന്റെ ദേശീയ സുരക്ഷാ ഉപദേശകൻ ചുങ് യി യോങ്ങാണ് ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവിനെക്കുറിച്ചു വെളിപ്പെടുത്തിയത്. ഇരു കൊറിയകളുടെയും അതിർത്തിഗ്രാമമായ പാൻമുൻജങ്ങിൽ ഏപ്രിൽ അവസാനം കിമ്മും മൂണും ചർച്ചയ്ക്കിരിക്കുന്നതോടെ കൊറിയയിൽ സമാധാനം പുനഃസ്ഥാപിക്കാമെന്നാണു പ്രതീക്ഷ.

ആണവായുധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് യുഎസുമായി ചർച്ചയ്ക്കു തയാറാണെന്നു കിം അറിയിച്ചതായി ചുങ് പറഞ്ഞു. ആണവായുധം ഉപേക്ഷിക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്നാവർത്തിച്ച്, ചർച്ചാ സാധ്യതകളെല്ലാം തള്ളിക്കളഞ്ഞിരുന്ന കിമ്മിനാണു മനംമാറ്റം. ഉത്തര കൊറിയയിക്കെതിരെ സുരക്ഷാ ഭീഷണിയൊന്നുമില്ലെങ്കിൽ ആണവായുധം കൈയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്നാണു പുതിയ നിലപാട്. 

ദക്ഷിണ കൊറിയയിലെ പോങ്യാങ്ങിൽ നടന്ന ശീതകാല ഒളിംപിക്സിലേക്കുള്ള ഉത്തര കൊറിയൻ സംഘത്തെ നയിച്ച് കിമ്മിന്റെ സഹോദരി എത്തിയതു മുതലാണു മഞ്ഞുരുകി തുടങ്ങിയത്. ഉച്ചകോടിക്കുള്ള ക്ഷണം അറിയിച്ചാണു കിമ്മിന്റെ സഹോദരി മടങ്ങിയത്. തുടർന്നാണ്, ദക്ഷിണകൊറിയ ദേശീയ സുരക്ഷാ ഉപദേശകന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഉത്തര കൊറിയയിലെത്തി കിമ്മിനെ സന്ദർശിച്ചതും ഏപ്രിലിൽ ഉച്ചകോടിക്കു ധാരണയായതും.