തിരുവനന്തപുരം–കണ്ണൂര്‍ രണ്ടു മണിക്കൂറിൽ; 2030 വരെ കാത്തിരിക്കണമെന്ന് അധികൃതര്‍

തിരുവനന്തപുരം∙ ലൈറ്റ് മെട്രോ പദ്ധതിക്കു പിന്നാലെ, തൊട്ടതെല്ലാം പിഴച്ച് അതിവേഗ റെയില്‍പാത പദ്ധതി. സര്‍ക്കാര്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലായി. ഭൂമിയേറ്റെടുക്കലിലെ പ്രശ്‌നങ്ങളും പദ്ധതിക്കായി വേണ്ടിവരുന്ന ഭീമമായ ചെലവുമാണു തടസ്സം. അതിവേഗ പാതയുടെ പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്തതിനാല്‍ തലസ്ഥാന നഗര വികസനവുമായി ബന്ധപ്പെട്ട അഞ്ച് പദ്ധതികളുടെ പഠനം ഏറ്റെടുത്തിരിക്കുകയാണ് അതിവേഗ റെയില്‍പാതാ കോർപറേഷന്‍. വേണ്ടത്ര ഫണ്ടില്ലാത്തതിനാല്‍ ഈ പദ്ധതികളും മുന്നോട്ടു പോകുന്നില്ല. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് കണ്ണൂര്‍ വരെയുള്ള 430 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചെത്താന്‍ കഴിയുന്ന തരത്തിലാണ് അതിവേഗ റെയില്‍പാതാ പദ്ധതി തയാറാക്കിയത്. 

1,27,849 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ പാതയുടെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഡല്‍ഹി മെട്രോ റെയില്‍ കോപറേഷനാണ് (ഡിഎംആര്‍സി). ആകെയുള്ള 430 കിലോമീറ്ററില്‍ 105 കിലോമീറ്റര്‍ തുരങ്കത്തിലൂടെയും 190 കിലോമീറ്റര്‍ മേല്‍പ്പാലത്തിലൂടെയും ശേഷിക്കുന്ന ദൂരം നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരവുമായാണ് പദ്ധതി വിഭാവനം ചെയ്തത്.

മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന പാത യാഥാര്‍ഥ്യമാക്കാന്‍ 1155.57 ഹെക്ടര്‍ സ്വകാര്യഭൂമി ഏറ്റെടുക്കണമെന്നും 3,868 കെട്ടിടങ്ങള്‍ പൊളിക്കണമെന്നും 36,923 മരങ്ങള്‍ മുറിക്കണമെന്നും ഡിഎംആര്‍സിയുടെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജപ്പാനില്‍നിന്നുള്ള വായ്പയുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കാമെന്നായിരുന്നു ഡിഎംആര്‍സിയുടെ നിര്‍ദേശം.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പദ്ധതി ചെലവും ഭൂമിയേറ്റെടുക്കലും പരമാവധി കുറയ്ക്കുന്നതിനു വീണ്ടും പഠനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചൈനീസ് - കൊറിയന്‍ ബന്ധങ്ങളുള്ള കമ്പനിയുടെ സഹകരണത്തോടെ കോര്‍പറേഷന്‍ നടത്തിയ പഠനം രണ്ടു മാസം മുന്‍പ് പൂര്‍ത്തിയായി. എന്നാല്‍, കമ്പനി പ്രതിനിധികള്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി ഇതുവരെ ലഭ്യമായിട്ടില്ല. ചര്‍ച്ചകള്‍ക്കുശേഷം വിദഗ്ധര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മാത്രമേ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയൂ.

അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കയ്യിലെത്തിയാലും കടമ്പകള്‍ ബാക്കിയാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയടക്കം ലഭിക്കുമ്പോഴേക്കും ഏറെ വൈകും. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ 2030ല്‍ മാത്രമേ പദ്ധതി ആരംഭിക്കാന്‍ കഴിയൂ എന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. പദ്ധതിയെക്കുറിച്ച് സര്‍ക്കാരിനും ആശങ്കയുണ്ട്. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ വിശദമായ ആലോചനകള്‍ക്കുശേഷം മുന്നോട്ടുപോയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതി ഉപേക്ഷിച്ചിട്ടില്ല, പഠനം നടക്കുകയാണ് - സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ആദ്യഘട്ടത്തില്‍ അനുവദിച്ച 50 കോടിരൂപയല്ലാതെ വേറെ തുകയൊന്നും അതിവേഗ റെയില്‍പാതാ കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. എംഡി ടി.ബാലകൃഷ്ണനെ കൂടാതെ നാല് ജീവനക്കാരാണ് കോര്‍പറേഷനുള്ളത്. അതിവേഗപാതാ പദ്ധതി നീണ്ടുപോകുന്നതും സാമ്പത്തിക പ്രതിസന്ധിയുമാണ് പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കോര്‍പറേഷനെ പ്രേരിപ്പിച്ചത്.

തിരുവനന്തപുരം നഗര വികസനവുമായി ബന്ധപ്പെട്ട മംഗലാപുരം - ബാലരാമപുരം ഔട്ടര്‍ റോഡ്, വട്ടിയൂര്‍ക്കാവ് ജംക്‌ഷന്‍ വികസനം, മെഡിക്കല്‍ കോളജ് - ജനറല്‍ ഹോസ്പിറ്റല്‍ സബ് വേ, തമ്പാനൂര്‍ ഫൂട് ഓവര്‍ബ്രിഡ്ജ് എന്നീ പദ്ധതികളാണ് ഏറ്റെടുത്തത്. ഫണ്ടില്ലാത്തതിനാല്‍ ഇവയുടെ പ്രവര്‍ത്തനവും മുന്നോട്ടുപോകുന്നില്ല.