ഗോകുലത്തിന് സ്പാനിഷ് പരിശീലകനെത്തുന്നു; ആദ്യ ദൗത്യം സൂപ്പർ കപ്പ് യോഗ്യത

കോഴിക്കോട്∙ ഹീറോ ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സിക്ക് വിദേശത്തുനിന്ന് പുതിയ പരിശീലകനെത്തുന്നു. സ്പാനിഷ് പരിശീലകനായ ഫെർണാണ്ടോ ആൻഡ്രസ് സാന്റിയാഗോ വലേരയാണ് ഗോകുലത്തെ ഇനി പരിശീലിപ്പിക്കുക. സൂപ്പർ കപ്പ് യോഗ്യതയ്ക്കായി ഗോകുലം എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്നതിനു മുൻപ് സാന്റിയാഗോ വലേര ടീമിനൊപ്പം ചേരുമെന്നാണ് വിവരം. മാർച്ച് 15ന് ഭുവനേശ്വറിലാണ് മൽസരം.

വലേരയുടെ വരവോടെ നിലവിലെ പരിശീലകൻ ബിനോ ജോർജ് ടെക്നിക്കൽ ഡയറക്ടറുടെ ചുമതലയിലേക്കു മാറാനാണ് സാധ്യത. ലീഗിലെ തുടക്കക്കാരായിട്ടും വൻതോക്കുകളെ അട്ടിമറിച്ച് ഏഴാം സ്ഥാനത്തോടെയാണ് ഗോകുലം സീസൺ അവസാനിപ്പിച്ചത്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകളെ ഇക്കഴിഞ്ഞ സീസണിൽ ഗോകുലം പരാജയപ്പെടുത്തിയിരുന്നു. നേരിട്ട് സൂപ്പർ കപ്പ് യോഗ്യതയെന്ന ഗോകുലത്തിന്റെ സ്വപ്നം നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്.