1765 ജനപ്രതിനിധികൾക്കെതിരെ 3045 ക്രിമിനൽ കേസ്; മുന്നിൽ യുപി, ‘മോശമാക്കാതെ’ കേരളം

ന്യൂ‍ഡല്‍ഹി∙ രാഷ്ട്രീയത്തിൽ ക്രിമിനൽവത്കരണം പെരുകുന്നുവെന്ന ആക്ഷേപം ശരിവച്ചു കേന്ദ്ര സർക്കാർ കണക്ക്. രാജ്യത്തെ ജനപ്രതിനിധികളിൽ 36% പേരും ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുകയാണെന്നു കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആദ്യമായാണു ജനപ്രതിനിധികളുടെ കേസ് വിവരങ്ങൾ മൊത്തമായി കേന്ദ്രം ശേഖരിച്ചത്.

എംപിമാരും എംഎൽഎമാരും ഉൾപ്പെടെ 4896 ജനപ്രതിനിധികളാണു രാജ്യത്തുള്ളത്. ഇവരിൽ 1765 പേർ (36%) 3045 ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്നുണ്ട്. ജനപ്രതിനിധികൾക്ക് എതിരായ കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കുന്ന രീതിയിൽ അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനു മുന്നോടിയായാണു കേന്ദ്രം കണക്കെടുപ്പു നടത്തിയത്.

ജനപ്രതിധികൾക്കെതിരായ കേസുകൾ കൂടുതലുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്. 248 നേതാക്കളുടെ പേരിലായി 539 കേസുകളാണ് യുപിയിൽ ഉള്ളത്. കേരളത്തിൽ 114 ജനപ്രതിനിധികളുടെ പേരിലായി 373 കേസുകളുണ്ട്. തമിഴ്നാട് (178 പേർ, 324 കേസ്), ബിഹാർ (144 പേർ, 306 കേസ്), ബംഗാൾ (139 പേർ, 303 കേസ്), ആന്ധ്രപ്രദേശ് (132 പേർ, 140 കേസ്), ഡൽഹി (84 പേർ, 118 കേസ്), കർണാടക (82 പേർ, 137 കേസ്) സംസ്ഥാനങ്ങളാണു പട്ടികയിൽ മുന്നിൽ.

തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ കേന്ദ്ര സർക്കാരിന്റെയോ പക്കൽ ജനപ്രതിനിധികളുടെ കേസുകളെപ്പറ്റി സമഗ്രവിവരം ലഭ്യമായിരുന്നില്ല. പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനു മുന്നോടിയായി സുപ്രീംകോടതിയാണു ജനപ്രതിനിധികൾക്കെതിരായ കേസുകളുടെ വിവരം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. നിലവിൽ 12 അതിവേഗ കോടതികളുണ്ടെങ്കിലും ജനപ്രതിനിധികൾക്കെതിരായ കേസുകളുടെ എണ്ണം വളരെ കൂടുതലായതിനാൽ കോടതികൾ ഇരട്ടിയാക്കാനാണു കേന്ദ്ര നീക്കം.