Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊന്നത്തടി പഞ്ചായത്തിൽ സിപിഎം സഹായം; കേരള കോൺഗ്രസിന് പ്രസിഡന്റ് പദവി

kerala-congress-m

അടിമാലി∙ കെ.എം.മാണിയുടെ എൽഡിഎഫ് പ്രവേശനം ചർച്ചയാകുന്നതിനിടെ, കൊന്നത്തടി പഞ്ചായത്തിൽ സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് (എം) പ്രതിനിധിക്കു പ്രസിഡന്റ് സ്ഥാനം. എട്ടിനെതിരെ പത്തു വോട്ടുകൾക്കു കോൺഗ്രസിലെ എൻ.എം.ജോസിനെ പരാജയപ്പെടുത്തിയാണു കേരള കോൺഗ്രസിലെ ജെയിംസ് ജോസഫ് പ്രസിഡന്റായത്. 18 അംഗ ഭരണ സമിതിയിൽ കോൺഗ്രസിന് ഒൻപത് അംഗങ്ങളും കേരള കോൺഗ്രസ് (എം) – സിപിഎം പാർട്ടികൾക്ക് അഞ്ച് അംഗങ്ങൾ വീതവുമാണുള്ളത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു യുഡിഎഫിലുണ്ടായ ധാരണപ്രകാരം കോൺഗ്രസിലെ വി.കെ.മോഹനൻ നായർ പ്രസിഡന്റും കേരള കോൺഗ്രസിലെ ഡോണ സാന്റു വൈസ് പ്രസിഡന്റുമായാണു പഞ്ചായത്ത് ഭരിച്ചത്. എന്നാൽ ഇരുകക്ഷികളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നു സിപിഎം– കേരള കോൺഗ്രസ് (എം) പാർട്ടികളിൽപ്പെട്ട 10 അംഗങ്ങൾ ചേർന്നു മോഹനൻ നായർക്കെതിരെ അവിശ്വസത്തിനു നോട്ടിസ് നൽകി. ഇതേതുടർന്നു മോഹനൻ നായർ രാജിവച്ചതോടെയാണു പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു നടന്നത്.