Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ ബന്ധിപ്പിക്കൽ ‘ഭീഷണി’ക്കു താത്കാലിക പരിഹാരം; കാലാവധി നീട്ടി സുപ്രീംകോടതി

Aadhaar

ന്യൂഡൽഹി ∙ ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. കേന്ദ്ര സർക്കാർ അനുവദിച്ച 2018 മാർച്ച് 31 എന്ന സമയപരിധിയാണ് കോടതി നീട്ടി നൽകിയത്. ഇക്കഴിഞ്ഞ ഡിസംബറിലാണു കേന്ദ്രം കാലാവധി നീട്ടിയത്. എന്നാൽ ആധാറിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമ വിധി വരും വരെ ബന്ധിപ്പിക്കൽ നിർബന്ധമാക്കരുതെന്നാണു കോടതി നിർദേശം. തത്കാൽ പാസ്പോർട്ടുകൾക്ക് ഇപ്പോൾ ആധാർ നിർബന്ധമാക്കരുതെന്നും കോടതി നിർദേശിച്ചു.

മാർച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും അസാധുവാക്കപ്പെടുമെന്ന സർവീസ് പ്രൊവൈഡർമാരുടെയും വിവിധ ബാങ്കുകളുടെയും മുന്നറിയിപ്പിനിടെയാണ് സുപ്രീംകോടതി ഇടപെടൽ. അതേസമയം വിവിധ സാമൂഹിക പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയതു തുടരും.

ബാങ്ക് അക്കൗണ്ട്,  മൊബൈൽ ഫോൺ കണക്‌ഷൻ തുടങ്ങിയവയ്‌ക്ക് ആധാർ നമ്പർ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹർജികൾ. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണു കേസിൽ അന്തിമ വിധി പറയുക.