ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; 9 സിആർപിഎഫ് ജവാന്മാർക്കു വീരമൃത്യു

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ തകർന്ന സൈനിക വാഹനം.

റായ്പുർ∙ ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ മൈൻ പ്രൊട്ടക്റ്റഡ് വെഹിക്കിളിനു(എംപിവി) നേരെയുണ്ടായ ബോംബാക്രമണത്തിലാണു ജവാന്മാർ കൊല്ലപ്പെട്ടത്. സുഖ്മ ജില്ലയിലാണു സംഭവം. ഒട്ടേറെ പേർക്കു പരുക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇവിടെ കിസ്താറാം വനമേഖലയിൽ പട്രോളിങ്ങിനിടെയായിരുന്നു സിആർപിഎഫിന്റെ 212–ാം ബറ്റാലിയനു നേരെ ആക്രമണമുണ്ടായത്. ഛത്തിസ്ഗഢിന്റെ തലസ്ഥാനമായ റായ്പുറിനു 500 കിലോമീറ്റർ ദൂരെയാണ് ഈ വനപ്രദേശം. ബോംബാക്രമണത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതായിരുന്നു സൈന്യം സഞ്ചരിച്ച വാഹനം. എന്നാൽ വൻതോതിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് മാവോയിസ്റ്റുകൾ എംപിവി തകർത്തതെന്നു സൈനിക വക്താവ് അറിയിച്ചു.

മെഡിക്കൽ സംഘത്തെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായും സിആർപിഎഫ് വ്യക്തമാക്കി. സുഖ്മയിൽ 11 മാസം മുൻപും സൈന്യത്തിനു നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നു. അന്ന് ഒരു നിർമാണ മേഖലയിലേക്ക് ഇരച്ചെത്തിയ മുന്നൂറോളം നക്സലുകളുടെ ആക്രമണത്തിൽ 25 സിആർപിഎഫ് ജവാന്മാരാണു കൊല്ലപ്പെട്ടത്.

സുഖ്മയിൽ കഴിഞ്ഞ വർഷം മാർച്ചിലുണ്ടായ ആക്രമണത്തിൽ 12 സിആർപിഎഫ് ജവാന്മാരും കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തിരിച്ചടിയിൽ രണ്ടു വർഷത്തിനിടെ ഇതുവരെ മുന്നൂറോളം മാവോയിസ്റ്റുകളാണു കൊല്ലപ്പെട്ടത്.