കൊല്ലം– ചെങ്കോട്ട റൂട്ടിൽ ആറ് ട്രെയിനുകൾ; ചെന്നൈയിലേക്ക് മൂന്നാം പാത

ഗേജ് മാറ്റം പൂർണമായ കൊല്ലം-ചെങ്കോട്ട പാത. ചിത്രം: ലിവി സാം

കൊച്ചി∙ ഗേജ് മാറ്റം പൂർത്തിയായ കൊല്ലം-ചെങ്കോട്ട പാതയിൽ തുടക്കത്തിൽ സർവീസ് നടത്തുക മൂന്നു ജോടി പാസഞ്ചർ ട്രെയിനുകൾ. മധുര-കൊല്ലം (7.15), കൊല്ലം-മധുര (11.20), ചെങ്കോട്ട-കൊല്ലം (5.30), കൊല്ലം-ചെങ്കോട്ട (വൈകിട്ട് 5.25), കൊല്ലം-തിരുനെൽവേലി (6.30), തിരുനെൽവേലി-കൊല്ലം (ഉച്ചയ്ക്കു 1.50) എന്നീ സർവീസുകളാണ് ആരംഭിക്കുക.

ഗേജ് മാറ്റം പൂർണമായ കൊല്ലം-ചെങ്കോട്ട പാത . ചിത്രം: ലിവി സാം

പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ്, ഗുരുവായൂർ-ഇടമൺ പാസഞ്ചർ, കന്യാകുമാരി-പുനലൂർ പാസഞ്ചർ എന്നിവ തൽക്കാലം തമിഴ്നാട്ടിലേക്കു നീട്ടില്ല. പ്രതിദിന സർവീസിനു രണ്ടു സെറ്റ് കോച്ചുകൾ ആവശ്യമായതിനാൽ കോച്ചുകൾ ലഭിച്ചാൽ മാത്രമേ ഇവ തമിഴ്നാട്ടിലേക്കു നീട്ടാനാകൂ. പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് തിരുനെൽവേലിക്കോ തുത്തൂകുടിക്കോ നീട്ടുമെന്നാണു സൂചന. ഗേജ് മാറ്റം കഴിഞ്ഞതോടെ കേരളത്തിൽനിന്നു ചെന്നൈയിലേക്കുള്ള മൂന്നാമത്തെ പാതയാണു തുറക്കുന്നത്.

ഗേജ് മാറ്റം പൂർണമായ കൊല്ലം-ചെങ്കോട്ട പാത. ചിത്രം: ലിവി സാം

ഈ മാസം അവസാനത്തോടെ പാത ഗതാഗതത്തിനു തുറന്നു നൽകുമെന്നു നിർമാണ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പാത തുറന്നു ആറു മാസത്തിനു ശേഷമാകും ഈ റൂട്ടിൽ എക്സ്പ്രസ് ട്രെയിനുകൾ ഒാടിക്കുക. മൺസൂണിനു ശേഷം പാളം ഉറച്ച ശേഷമായിരിക്കും ഇത്. ഇപ്പോൾ ചെങ്കോട്ട വരെ സർവീസ് നടത്തുന്ന ചെങ്കോട്ട-താംബരം അന്ത്യോദയ എക്സ്പ്രസ്, ചെന്നൈ എഗ്‌മൂർ-ചെങ്കോട്ട സിലമ്പ് എക്സ്പ്രസ് എന്നിവ പിന്നീട് കൊല്ലത്തേക്കു നീട്ടും.

കൊല്ലത്തുനിന്നു വേളാങ്കണി, പോണ്ടിച്ചേരി, മേട്ടുപ്പാളയം, രാമേശ്വരം ട്രെയിനുകൾക്കായി എംപിമാരായ എൻ.കെ.പ്രേമചന്ദ്രും കൊടിക്കുന്നിൽ സുരേഷും കേന്ദ്രത്തിൽ സമർദം ചെലുത്തുന്നുണ്ട്. മീറ്റർഗേജ് കാലത്തുണ്ടായിരുന്ന എല്ലാ ട്രെയിനുകളും പുനഃസ്ഥാപിക്കുമെന്നു അധികൃതർ ഉറപ്പു നൽകിയിട്ടുണ്ടെന്നു എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു.

ഗേജ് മാറ്റം പൂർണമായ കൊല്ലം-ചെങ്കോട്ട പാത. ചിത്രം: ലിവി സാം

ഗാട്ട് സെക്‌ഷനായതിനാൽ പുനലൂരിൽ നിന്നു ചെങ്കോട്ട വരെ (49 കിലോമീറ്റർ) സഞ്ചരിക്കാൻ ട്രെയിനുകൾ രണ്ടര മണിക്കൂർ എടുക്കുമെന്നാണു കണക്കാക്കുന്നത്. 30 കിലോമീറ്ററാണു േവഗപരിധി. ഇത് പിന്നീടു വർധിപ്പിക്കാൻ സാധ്യതയുണ്ട്. തുടർച്ചയായി ട്രെയിനുകൾ പാളം തെറ്റിയതിനെ തുടർന്നു ഇടമണ്ണിൽ പാതയുടെ അലൈൻമെന്റ് മാറ്റുകയും വളവിലുണ്ടായിരുന്ന പോയിന്റ് സംവിധാനം മുഖ്യ സുരക്ഷാ കമ്മിഷണർ നിർദേശിച്ചതനുസരിച്ചു മാറ്റി സ്ഥാപിക്കുകയും െചയ്തിട്ടുണ്ട്.

സിആർഎസ് നിർദേശിച്ച ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നു ചെന്നൈ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ സുധാകർ റാവു മനോരമ ഒാൺലൈനിനോടു പറഞ്ഞു. ദക്ഷിണ റെയിൽവേയിൽ പൂർത്തിയായ നാലു പദ്ധതികളോടൊപ്പം കൊല്ലം-ചെങ്കോട്ട പാതയും ഉദ്ഘാടനം ചെയ്യാനാണു ആലോചന. ഡിണ്ടിഗൽ-തിരുച്ചിറപ്പളളി, തഞ്ചാവൂർ-തിരുച്ചിറപ്പള്ളി ഇരട്ടപ്പാതകൾ, തിരുച്ചിറപ്പള്ളി-ഈറോഡ് വൈദ്യുതീകരണം, കാരൈക്കുടി ഗേജ് മാറ്റം എന്നിവയാണു ഉദ്ഘാടനത്തിന് ഒരുങ്ങുന്ന മറ്റ് പദ്ധതികൾ.

റെയിൽവേ മന്ത്രിക്കു കൂടി സൗകര്യപ്രദമായ ദിവസം ലഭിച്ചാൽ ഈ മാസം അവസാനം ഈ പദ്ധതികളെല്ലാം ഒരുമിച്ചു ഉദ്ഘാടനം െചയ്യപ്പെടാനാണു സാധ്യത. പുനലൂർ -ചെങ്കോട്ട പാതയുടെ ഉദ്ഘാടനം പ്രാദേശികമായി നടത്തണമെന്നു ആവശ്യമുയരുന്നുണ്ടെങ്കിലും 325 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലം-ചെങ്കോട്ട-തെങ്കാശി-തിരുനെൽവേലി-തിരുച്ചെന്തൂർ ഗേജ് മാറ്റ പദ്ധതിയുടെ ഭാഗം മാത്രമാണു പുനലൂർ- ചെങ്കോട്ട പാത എന്നിരിക്കെ അതിനു സാധ്യതയില്ല.

1904ൽ ബ്രിട്ടീഷുകാർ നിർമിച്ച മീറ്റർ ഗേജ് പാതയാണു കാലയവനികയ്ക്കുളളിൽ മറഞ്ഞത്. മീറ്റർഗേജ് പാത ബ്രോഡ്ഗേജാക്കുന്നതിനായി 2010 സെപ്റ്റംബറിലാണു പുനലൂർ ചെങ്കോട്ട പാതയിലെ ട്രെയിൻ സർവീസുകൾ നിർത്തി വച്ചത്. തമിഴ്നാട് ഭാഗത്തെ പണികളും കൊല്ലം പുനലൂർ ഭാഗത്തേ നിർമാണവും നേരത്തെ പൂർത്തിയായിരുന്നെങ്കിലും ചെങ്കുത്തായ കയറ്റിറക്കങ്ങളുമുള്ള വനത്തിലൂടെയുള്ള പാത നിർമാണമാണു പദ്ധതി ഇത്രയും വൈകിച്ചത്.

ഇടക്കാലത്ത് ആവശ്യത്തിനു ഫണ്ട് ലഭിക്കാതിരുന്നതും കരാറുകാരുടെ അഴിമതിയും പദ്ധതിയെ പിന്നോട്ടടിച്ചു. വൈകിയാണെങ്കിലും പാത തുറക്കുന്ന സന്തോഷത്തിലാണു ജനങ്ങൾ. മീറ്റർ ഗേജ് കാലത്തുണ്ടായിരുന്ന കൊല്ലം മെയിലും നാഗൂർ എക്സ്പ്രസുമൊക്കെ വീണ്ടും ചൂളം വിളിച്ചെത്തുമെന്ന പ്രതീക്ഷയാണുള്ളത്.