Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോരഖ്പുരിൽ ബിജെപി പിന്നിലായതിനു പിന്നാലെ മാധ്യമങ്ങൾക്കു വിലക്ക്; വിവാദം

Gorakhpur-Counting ഗോരഖ്പുരിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്നുള്ള ദൃശ്യം. (ചിത്രം: എഎൻഐ)

ലക്നൗ∙ ഉപതിരഞ്ഞെടുപ്പു നടന്ന ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തിയതു വിവാദമായി. വോട്ടെണ്ണലിൽ ബിജെപി സ്ഥാനാർഥി പിന്നിലായതിനു പിന്നാലെയാണു വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്നു മാധ്യമങ്ങളെ പുറത്താക്കിയത്. കടുത്ത പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ രംഗത്തെത്തിയതോടെ വീണ്ടും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

സംഭവം വിവാദമായതോടെ വോട്ടെണ്ണലിൽ കൃത്രിമം ആരോപിച്ചു സമാജ്‌വാദി പാർട്ടി തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ റിപ്പോർട്ടു  െചയ്യാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രത്യേക കാർഡുമായി എത്തിയ മാധ്യമപ്രവർത്തകരെയും പുറത്താക്കിയിരുന്നു. പിന്നീട്, വോട്ടെണ്ണുന്നതു മാധ്യമപ്രവർത്തകർ കാണാതിരിക്കാൻ നടുവിലായി കർട്ടനും സ്ഥാപിച്ചു.

ഇതോടെയാണു മാധ്യമപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജില്ലാ മജിസ്ട്രേട്ട് രാജീവ് റാവുത്തേല വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി മാധ്യമങ്ങൾക്കു തൽസമയം വിവരങ്ങൾ നൽകുന്നതു തടഞ്ഞുവെന്നാണ് ആക്ഷേപം. അതേസമയം, തിരഞ്ഞെടുപ്പു കമ്മിഷന്റെ ചട്ടങ്ങൾ അനുസരിച്ചു മാത്രമാണു താൻ പ്രവർത്തിച്ചതെന്നാണു റാവുത്തേലയുടെ നിലപാട്.

1989 മുതൽ ബിജെപി വിജയിക്കുന്ന ഗോരഖ്പുരിൽ ഇക്കുറി സമാജ്‌വാദി പാർട്ടി സ്ഥാനാർഥി പ്രവീൺ കുമാർ നിഷാദ് മികച്ച ലീഡുമായി മുന്നേറുകയാണ്. ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ല ഇവിടെ രണ്ടാമതാണ്. ഫലസൂചനകളിൽ ബിജെപി പിന്നിലായതോടെയാണു വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് മാധ്യമങ്ങളെ അകറ്റിനിർത്തിയതെന്നാണ് ആക്ഷേപം. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെയാണു പുതിയ സംഭവവികാസമെന്നതും ശ്രദ്ധേയം.