നീരവിനു പിന്നാലെ പിഎൻബിയിൽ വീണ്ടും തട്ടിപ്പെന്ന് സിബിഐ

പഞ്ചാബ് നാഷനൽ ബാങ്ക്.

മുംബൈ∙ വജ്രവ്യാപാരി നീരവ് മോദി 13,000 കോടിയിലേറെ രൂപ വായ്പയെടുത്തു മുങ്ങിയ കേസിനു പിന്നാലെ പഞ്ചാബ് നാഷനൽ ബാങ്കിൽ വീണ്ടും തട്ടിപ്പ്. മുംബൈയിലെ ഒരു ബ്രാഞ്ചിലാണു തട്ടിപ്പു കണ്ടെത്തിയത്. 9.1 കോടി രൂപയുടേതാണു തട്ടിപ്പെന്നാണു റിപ്പോർട്ട്.

സ്വകാര്യ കമ്പനിയായ ചന്ദ്രി പേപ്പർ ആൻഡ് അലൈഡ് പ്രോഡക്ട്സ് കമ്പനിയാണു തട്ടിപ്പിനു പിന്നിലെന്നു സിബിഐ വ്യക്തമാക്കി. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണു സിബിഐ ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ ഇതിന്മേൽ പിഎൻബിയോ കമ്പനിയോ പ്രതികരണത്തിനു തയാറായിട്ടില്ല.

പിഎൻബി നൽകിയ ലെറ്റേഴ്സ് ഓഫ് അണ്ടർടേക്കിങ് (എൽഒയു) ഉപയോഗപ്പെടുത്തിയാണു നീരവ് മോദി വായ്പാതട്ടിപ്പു നടത്തിയത്. പുതിയ കേസ് സിബിഐ ഫയൽ ചെയ്തതോടെ പിഎൻബിയുടെ എൽഒയു ഉപയോഗിച്ചു മറ്റു കമ്പനികളും സമാന തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന സംശയമാണു ബലപ്പെടുന്നത്.