ചെങ്ങന്നൂരിൽ ഇത്തവണ മത്സരിക്കില്ല, അതിനു ‘കാരണ’വുമുണ്ട്: ശോഭന ജോർജ്

ശോഭന ജോർജ്. ചിത്രം: ഫെയ്സ്ബുക്

കോട്ടയം∙ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു കോൺഗ്രസ് മുൻ എംഎൽഎ ശോഭന ജോർജ്. ഇതിന്റെ കാരണങ്ങൾ പിന്നീട് വിശദമാക്കുമെന്നും അവർ ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു. ശോഭന ജോര്‍ജ് സിപിഎമ്മിലേക്കു ചുവടു മാറുന്നതായി ചില വാർത്തകൾ വന്നിരുന്നു. ശോഭനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചെങ്ങന്നൂരിലെ നിയുക്ത എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനും ചർച്ച നടത്തിയെന്ന വാർത്തകളാണ് ഇതിനു പിൻബലമായത്.

2016ൽ പാർട്ടിയുമായി ഉണ്ടായ പ്രശ്നങ്ങളെത്തുടർന്ന് അവർ കോൺഗ്രസ് സ്ഥാനാർഥി പി.സി.വിഷ്ണുനാഥിനെതിരെ മത്സരത്തിനിറങ്ങിയിരുന്നു. 3,966 വോട്ടുകളാണ് 2016ലെ തിരഞ്ഞെടുപ്പിൽ ശോഭന ജോർജിനു കിട്ടിയത്. വിഷ്ണുനാഥിന്റെ പരാജയത്തിലും കെ.കെ.രാമചന്ദ്രൻ നായരുടെ വിജയത്തിലും വലിയ സ്വാധീനം ചെലുത്താൻ അവരുടെ പ്രചാരണത്തിനായെന്നു വിലയിരുത്തലുണ്ടായി. വിഷ്ണുനാഥിനെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ നിർബന്ധപ്രകാരമാണു ശോഭന ജോർജ് മത്സരിച്ചതെന്ന നിലവിലെ സിപിഎം സ്ഥാനാർഥി സജി ചെറിയാന്റെ അന്നത്തെ പ്രസ്താവന വിവാദങ്ങൾക്കിടയാക്കിയിരുന്നു.

ചെങ്ങന്നൂരിൽ ശോഭന ജോർജ് ആദ്യമായി മത്സരിക്കുന്നത് 1991 ലാണ്. സിറ്റിങ് എംഎൽഎയും മുൻ തിരഞ്ഞെടുപ്പിൽ 15,703 വോട്ടുകളുടെ മികച്ച വിജയം കരസ്ഥവുമാക്കിയ മാമൻ ഐപ്പായിരുന്നു (ഐസിഎസ് പാർട്ടി) എതിരാളി. ശോഭന ജോർജ് 40,208 വോട്ടു നേടിയപ്പോൾ മാമൻ ഐപ്പിന് 36,761 വോട്ടു നേടാനേ കഴിഞ്ഞുള്ളൂ. ശോഭനയ്ക്ക് 3447 വോട്ടിന്റെ ഭൂരിപക്ഷം.

1996ലെ തിരഞ്ഞെടുപ്പിൽ മാമൻ ഐപ്പ് തന്നെയായിരുന്നു എതിരാളി. ശോഭന 37,242 വോട്ട് നേടിയപ്പോൾ മാമൻ ഐപ്പ് നേടിയത് 34,140 വോട്ടുകൾ. ശോഭനയുടെ ഭൂരിപക്ഷം 3102. 2001ൽ മൂന്നാം തവണ മത്സരത്തിനിറങ്ങിയപ്പോൾ സിപിഎമ്മിലെ കെ.കെ.രാമചന്ദ്രൻനായരായിരുന്നു പ്രധാന എതിരാളി. ശോഭന ജോർജ് 41,242 വോട്ടുകൾ നേടിയപ്പോൾ 39,777 വോട്ടുകൾ നേടാനേ രാമചന്ദ്രൻനായർക്കായുള്ളൂ. ശോഭന ജോർജിന്റെ ഭൂരിപക്ഷം 1465. 

2006, 2011 വർഷങ്ങളിൽ ശോഭന ജോർജ് ചെങ്ങന്നൂരിൽ മത്സരിച്ചില്ല. 2006ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കെ.കരുണാകരനൊപ്പം ഡിഐസിയിലേക്കു മാറി. പിന്നീടു കോൺഗ്രസിലേക്കു മടങ്ങിയെങ്കിലും കാര്യമായ പരിഗണന ശോഭനയ്ക്കു ലഭിച്ചില്ല. കെപിസിസി നിർവാഹകസമിതി അംഗമായിരുന്ന ശോഭന തന്നെ പരിഗണിക്കാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് 2016 ൽ പാർട്ടി വിട്ട് മിഷൻ ചെങ്ങന്നൂർ എന്ന സാംസ്കാരിക സംഘടനയ്ക്കു രൂപം നൽകി പ്രവർത്തിക്കുകയാണ്.