ഇന്ത്യക്കാർ കുടുംബാംഗങ്ങളെ ‘ആക്രമിക്കുന്നെന്ന്’ പരാതി; വിശദീകരണം തേടി പാക്കിസ്ഥാൻ

ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണർ സൊഹൈൽ മഹ്‍മൂദ്

ന്യൂഡൽഹി∙ കുടുംബാംഗങ്ങളെ ഉൾപ്പെടെ ഇന്ത്യ അപമാനിച്ചെന്നാരോപിച്ചു പാക്ക് നയതന്ത്രപ്രതിനിധികൾ രംഗത്ത്. സംഭവത്തിൽ കൂടുതല്‍ വിശദീകരണം തേടി ഇന്ത്യയിലെ ഹൈക്കമ്മിഷണറായ സൊഹൈൽ മഹ്‍മൂദിനെ പാക്കിസ്ഥാൻ തിരികെ വിളിപ്പിച്ചു. ന്യൂഡൽഹിയിലെ പാക്ക് നയതന്ത്ര പ്രതിനിധികൾക്കും കുടുംബാംങ്ങൾക്കും നേരെ ചിലർ അക്രമം നടത്തിയെന്നും വിരട്ടിയെന്നുമാണു പരാതി.

ഡപ്യൂട്ടി ഹൈക്കമ്മിഷണറുടെ കാർ ചിലർ പിന്തുടർന്നു ഡ്രൈവറെ ആക്രമിച്ചെന്ന പരാതി നേരത്തേ ഉയർന്നിരുന്നു. അക്രമത്തിന്റേതെന്നു പറയുന്ന വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഏതാനും ദിവസങ്ങളായി പാക്ക് മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തുനിന്നു നടപടികളൊന്നുമില്ലാത്തതിനെ തുടർന്നാണു ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയതെന്നു പാക്കിസ്ഥാൻ അറിയിച്ചു.

എന്നാൽ ആരോപണങ്ങൾ ഇന്ത്യ തള്ളി. ‘ഹൈക്കമ്മിഷണറെ പാക്കിസ്ഥാൻ വിളിപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ല. അതൊരു പതിവു നടപടി മാത്രമാണ്’– ഇന്ത്യ വ്യക്തമാക്കി. പാക്കിസ്ഥാന്റെ പരാതിയെത്തുടർന്നു കഴിഞ്ഞയാഴ്ച തന്നെ ഇന്ത്യ മറുപടി നൽകിയിരുന്നു. നയതന്ത്രപ്രതിനിധികൾക്കാവശ്യമായ സുരക്ഷയുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രതിനിധികൾക്കും പല പ്രശ്നങ്ങളും പാക്കിസ്ഥാനിൽ നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ അതൊന്നും മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കാറില്ല. സമചിത്തതയോടെ നേരിടുകയാണു പതിവെന്നും ഇന്ത്യ വ്യക്തമാക്കി.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ‘അതിക്രമത്തിന്റെ നയതന്ത്ര’മാണു പാക്കിസ്ഥാൻ പയറ്റുന്നതെന്നും ഇന്ത്യ വിമർശിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ വീട്ടിലേക്കു കല്ലേറു നടത്തി, വൈദ്യുതി ബന്ധം വിച്ഛേദിച്ചു, ലാപ്ടോപ്പുകൾ മോഷ്ടിച്ചു തുടങ്ങിയ പരാതികളുമായി ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് പാക്ക് വിദേശകാര്യ സെക്രട്ടറിയെ ഇന്ത്യൻസംഘം കണ്ടിരുന്നു.