വടക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത

പത്തനംതിട്ട ∙ പൂർണമായും കേരളം വിട്ടുപോകാൻ മടിച്ച് ന്യൂനമർദം. തീവ്രന്യൂനമർദം ശക്തി കുറഞ്ഞ് ന്യൂനമർദമായെങ്കിലും വടക്കൻ കേരളത്തിലെ ചില ഭാഗങ്ങളിൽ  മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ  മുന്നറിയിപ്പ്.

തൃശൂർ മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിൽ രാത്രിയിൽ മഴയ്ക്കു സാധ്യതയുള്ളതായി ചില നിരീക്ഷകർ പറയുന്നു. രാത്രി വൈകി കാലാവസ്ഥാ വകുപ്പു പുറത്തുവിട്ട ഇൻസാറ്റ് ഉപഗ്രഹ ചിത്രങ്ങളിൽ  തൃശൂർ മുതൽ വടക്കോട്ട് കേരളത്തിന്റെ കിഴക്ക‍ൻ മലയോരം കേന്ദ്രീകരിച്ച് വൻ മേഘപടലങ്ങളുടെ സാന്നിധ്യം കാണാം. കേരളത്തിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പിന്റെ തിരുവനന്തപുരം ഓഫിസും ഇതു ഗൗരവമായെടുത്ത് സന്ദേശങ്ങൾ അയച്ചു. വ്യാഴാഴ്ച രാത്രി ഏഴിനു ഐഎംഡി പുറത്തിറക്കിയ തൽസമയ അറിയിപ്പി‍ൽ വടക്കൻ ജില്ലകളിൽ മഴയ്ക്കു സാധ്യതയുള്ളതായി പറയുന്നു. ലക്ഷദ്വീപിൽ വ്യാഴാഴ്ച  17 സെമീ കനത്ത മഴ ലഭിച്ചു. കേരളത്തിൽ കൊയിലാണ്ടിയിൽ രണ്ടു സെമീ മഴ രേഖപ്പെടുത്തി.