‘കാവി പുതച്ച്’ അണ്ണാദുരൈ, പെരിയാർ, എംജിആർ പ്രതിമകൾ; അന്വേഷണം തുടങ്ങി

നേതാക്കളുടെ പ്രതിമകളിൽ കാവി തുണി പുതച്ച രീതിയിൽ. ചിത്രം: എഎൻഐ ട്വിറ്റർ

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ‌ സി.എൻ. അണ്ണാദുരൈ, എം.ജി. രാമചന്ദ്രൻ, ദ്രാവിഡ കഴകം സ്ഥാപകൻ പെരിയാർ എന്നിവരുടെ‌ പ്രതിമകളിൽ കാവിത്തുണി പുതപ്പിച്ച രീതിയിൽ കണ്ടെത്തി‌. കഴുത്തിനു ചുറ്റും തുണി പുതച്ച് അതിനു മുകളിൽ മാലയും ഇട്ടിരിക്കുന്ന രീതിയിലാണ് പ്രതിമകൾ കണ്ടത്. നാമക്കലിലാണ് സംഭവം. വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

നേരത്തെ, തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ പെരിയാർ വിരുദ്ധ പ്രസ്താവനകളുടെ പിന്നാലെയാണ് പെരിയാറിന്റെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തിയത്. ഇതിനെതിരെ വ്യാപകമായി വിമർശനമുയരുകയും ചെയ്തു.

ത്രിപുരയിൽ ലെനിൻ പ്രതിമകൾ തകർത്തതു പോലെ തമിഴ്നാട്ടിൽ പെരിയാർ പ്രതിമയും തകർക്കണമെന്നായിരുന്നു രാജയുടെ പ്രസ്താവന. ത്രിപുരയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ–സാംസ്കാരിക നേതാക്കളുടെ പ്രതിമ തകർക്കപ്പെടുന്ന സംഭവങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ നാമക്കലിൽ അണ്ണാദുരൈ, എംജിആർ, പെരിയാർ എന്നിവരുടെ പ്രതിമകളിൽ കാവിത്തുണി പുതപ്പിച്ച സംഭവത്തിന് ഇതുമായി ബന്ധമുണ്ടോയെന്നു സ്ഥിരീകരിച്ചിട്ടില്ല.