ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് വധഭീഷണി; തമാശയെന്ന് പരാതിക്കാരിയോട് പൊലീസ്

കണ്ണൂർ∙ ഷുഹൈബ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിൽ വരുന്നതിന്റെ പേരിൽ ടിവി ചാനൽ ലേഖികയ്ക്കും ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥനുമെതിരെ പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പിൽ ക്വട്ടേഷൻ ഭീഷണി വന്നതു തമാശ മാത്രമെന്ന് അന്വേഷണ റിപ്പോർട്ട്. ഒരു സ്വകാര്യ ചാനലിലെ സീനിയർ റിപ്പോർട്ടർ നൽകിയ പരാതി അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.

കേസിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തുന്നതു ചാനൽ ലേഖികയും ഭർത്താവുമാണെന്ന് ആരോപിച്ചു സിപിഎം മുഖപത്രം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ചാനൽ ലേഖികയുടെ ഭർത്താവിന്റെ ഫോട്ടോ സഹിതം സിപിഎം പ്രവർത്തകരുടെ വാട്സാപ് ഗ്രൂപ്പുകളിലും സമൂഹമാധ്യമത്തിലെ പേജുകളിലും പ്രചാരണവുമുണ്ടായി. ഇദ്ദേഹത്തെ വീട്ടിൽ കയറി ആക്രമിക്കുമെന്നും മറ്റും സിപിഎം അനുകൂല പൊലീസുകാരുടെ ഗ്രൂപ്പുകളിലും ഭീഷണിയുണ്ടായിരുന്നു.

ഫെബ്രുവരി 24 നു ജില്ലാ പൊലീസ് മേധാവിക്കു ചാനൽ ലേഖിക പരാതി നൽകി. പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പിൽ വന്ന ഭീഷണിയുടെ സ്ക്രീൻ ഷോട്ടും തെളിവായി ഹാജരാക്കിയിരുന്നു. എന്നാൽ, ‘പരാതിക്കു കാരണമായ പരാമർശങ്ങൾ നിങ്ങളെയോ നിങ്ങളുടെ കുടുംബത്തെയോ ഉദ്ദേശിച്ചായിരുന്നില്ല, പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ തമാശ രൂപേണ ഇട്ട കമന്റുകളാണ്’ എന്നാണു പരാതി അന്വേഷിച്ച ഡിവൈഎസ്പി പരാതിക്കാരിക്കു നൽകിയ മറുപടി.