ദിലീപിന് തിരിച്ചടി; ഡി സിനിമാസ് ഭൂമി കയ്യേറിയില്ലെന്ന റിപ്പോർട്ട് കോടതി തള്ളി

നടൻ ദിലീപും ഡി സിനിമാസ് തിയറ്റർ കോംപ്ലക്സും.(ഫയൽ ചിത്രം)

തൃശൂർ∙ നടൻ ദിലീപിന്റെ ഡി സിനിമാസ് തിയറ്റർ കോംപ്ലക്സ് ഭൂമി കയ്യേറിയിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതി തള്ളി. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ചാലക്കുടിയിൽ ഡി സിനിമാസ് എന്ന പേരിൽ ആഡംബര തിയറ്റർ സമുച്ചയം നിർമിക്കുന്നതിന് ഒരേക്കർ സർക്കാർ ഭൂമി നടൻ ദിലീപ്് വ്യാജരേഖ ചമച്ചു കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ദിലീപിനെ പുറമെ, തൃശൂർ മുൻ ‌കലക്ടർ എം.എസ്.ജയയെയും കേസിൽ എതിർകക്ഷിയാക്കും.

ഡി സിനിമാസില്‍ കയ്യേറ്റം നടന്നുവെന്നു കാണിച്ചു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി.ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു അന്വേഷണം. ഡി സിനിമാസ് തിയറ്റര്‍ സമുച്ചയത്തില്‍ അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതേസമയം, ദിലീപിന്റെ കൈവശം സ്ഥലം എത്തുന്നതിനു മുൻപു കയ്യേറ്റം നടന്നിട്ടുണ്ടെന്നു പരാതി ഉയർന്നിരുന്നു.

ഡി സിനിമാസ് കെട്ടിപ്പൊക്കിയ ഭൂമി കുറേ വർഷങ്ങൾക്കുമുൻപു കൊട്ടാരം വകയായിരുന്നുവെന്നും പിന്നീട് ദേവസ്വത്തിന്റെ കൈവശമായിരുന്നുവെന്നുമാണു പരാതിയിൽ പറഞ്ഞിരുന്നത്. ദിലീപിനു മുൻപു സ്ഥലം വാങ്ങിയയാൾ അതു അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. വിജിലൻസിന്റെ അന്വേഷണത്തിൽ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടോ എന്നാണു പരിശോധിച്ചത്. ഇതിലാണു ദിലീപ് ഭൂമി കയ്യേറിയില്ലെന്നു റിപ്പോർട്ട് തയാറായത്. തൃശൂർ വിജിലൻസ് ഡിവൈഎസ്പിയാണു കേസ് അന്വേഷിച്ചത്.