കോടികളുടെ ‘അസാധു കാണിക്ക’; എന്തു ചെയ്യണമെന്നറിയാതെ തിരുപ്പതി ക്ഷേത്രം

പ്രതീകാത്മക ചിത്രം.

തിരുപ്പതി∙ ഒന്നാം വാർഷികം പിന്നിട്ടിട്ടും നോട്ടുനിരോധനത്തിന്റെ ദുരിതമൊഴിയുന്നില്ല. തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം അധികൃതരാണു ഭക്തരുടെ ‘അസാധുനോട്ട് കാണിക്ക’യിൽ തലവേദന അനുഭവിക്കുന്നത്. നോട്ടുനിരോധനത്തിനു ശേഷം തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി എത്തിയത് ഒന്നും രണ്ടുമല്ല, 25 കോടിയുടെ അസാധു നോട്ടുകൾ.

നരേന്ദ്ര മോദി സർക്കാർ 2016 നവംബര്‍ എട്ടിന് 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചശേഷമുള്ള മാസങ്ങള്‍ക്കുള്ളിലാണ് ഭക്തര്‍ അസാധു നോട്ടുകൾ കൂട്ടത്തോടെ കാണിക്കയായി നിക്ഷേപിച്ചത്. ഇത്രയും വലിയ തുക മാറ്റിയെടുക്കാൻ റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണു ക്ഷേത്രം ഭാരവാഹികള്‍. നോട്ടുകള്‍ ക്ഷേത്രത്തില്‍തന്നെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.

അസാധു നോട്ടുകള്‍ മാറി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആർബിഐയ്ക്കു കത്തയച്ചതായി തിരുമല തിരുപ്പതി ദേവസ്വം (ടിടിഡി) അഡീഷനല്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസറും മുഖ്യ അക്കൗണ്ടന്റ് ഓഫിസറുമായ ഒ.ബാലാജി പറഞ്ഞു.