ഡോണൾഡ് ട്രംപ് ജൂനിയർ വിവാഹമോചിതനാകുന്നു; അവസാനിപ്പിക്കുന്നത് 12 വർഷത്തെ ദാമ്പത്യം

ഡോണൾഡ് ട്രംപ് ജൂനിയറും വനേസയും

ന്യൂഡൽഹി∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണള്‍ഡ് ട്രംപ് ജൂനിയർ വിവാഹമോചിതനാകുന്നു. 12 വർഷത്തെ വിവാഹജീവിതത്തിനാണ് വനേസയും ഡോണൾഡ് ട്രംപ് ജൂനിയറും തിരശീലയിടുന്നത്. വിവാഹമോചനം തേടി ഇരുവരം പരസ്പരസമ്മത ഉടമ്പടി കോടതിയിൽ നൽകി. തമ്മിലും കുടുംബത്തോടുമുള്ള എല്ലാ ബഹുമാനങ്ങളും നിലനിർത്തി പിരിയുന്നുവെന്ന് ദമ്പതികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മോഡലായിരുന്ന വനേസയെ 2005ലാണ് ഡോണൾഡ് ട്രംപ് ജൂനിയർ വിവാഹം കഴിക്കുന്നത്. ഇവർക്ക് അഞ്ചു മക്കളാണുള്ളത്. വിവാഹമോചനത്തിലേക്കു നയിച്ച കാരണമെന്താണെന്നു വ്യക്തമായിട്ടില്ല.

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെയാണ് മകനും പ്രശസ്തിയിലേക്കുയർന്നത്. യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് ഡോണൾഡ് ട്രംപ് ജൂനിയറിന് അറിയാമായിരുന്നുവെന്ന വിവരം കഴിഞ്ഞയിടെ പുറത്തുവന്നിരുന്നു. ഹിലരി ക്ലിന്റനെ മോശക്കാരിയാക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ ട്രംപ് ജൂനിയർ സമ്മതം നൽകിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഇമെയിലുകളിൽനിന്ന് കണ്ടെത്തിയിരുന്നു.