പിഎൻബി തട്ടിപ്പ്: അന്വേഷണപുരോഗതി ആവശ്യപ്പെടരുതെന്നു കേന്ദ്രം സുപ്രീംകോടതിയില്‍

നീരവ് മോദി.

ന്യൂഡൽഹി∙ പിഎന്‍ബി തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി ആവശ്യപ്പെടരുതെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അന്വേഷണം ഊര്‍ജിതമാണ്. ഇൗ ഘട്ടത്തില്‍ സുപ്രീംകോടതി ഇടപെടരുത്. കോടതിയുടെ സമാന്തര അന്വേഷണം ഉദ്യോഗസ്ഥന്റെ ധാർമികതയെ ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു.

മുദ്രവച്ച കവറിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തത് എന്താണെന്ന ചീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ ചോദ്യത്തിന്, കേസുമായി ബന്ധപ്പെട്ടു നിലവിൽ യാതൊരു ന്യായീകരണങ്ങളും നൽകാനില്ലെന്നും അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുണ്ടാകുന്നതുവരെ കോടതിക്കു വിഷയത്തിൽ ഇടപെടാനാകില്ലെന്നും അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ വ്യക്തമാക്കി.

അന്വേഷണ സംഘത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടാൻ പരാതിക്കാരനു സാധിക്കുന്നില്ലെങ്കിൽ ഇത്തരത്തിലുള്ള പൊതുതാത്പര്യ ഹർജികൾ പരിഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വജ്രവ്യാപാരി നീരവ് മോദിയും ബിസിനസ് പങ്കാളി മെഹുൽ ചോക്സിയും ഉൾപ്പെട്ട ബാങ്ക് തട്ടിപ്പ് 20,000 കോടി കവിഞ്ഞേക്കുമെന്നാണു റിപ്പോർട്ട്. പിഎൻബിയിൽ ഇവർ നടത്തിയ 13,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പാണു സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നത്.