വിഷം പെട്ടിയിലാക്കി അയച്ചു: റഷ്യൻ ചാരനു നേരെയുണ്ടായ വധശ്രമത്തിന്റെ വിവരങ്ങൾ പുറത്ത്

മുൻ റഷ്യൻ ചാരൻ സെർഗെയ് സ്ക്രീപൽ, യുലിയ

ലണ്ടൻ∙ ബ്രിട്ടൻ അഭയം കൊടുത്ത മുൻ റഷ്യൻ ചാരൻ സെർഗെയ് സ്ക്രീപലിനെ അപായപ്പെടുത്താനുള്ള വിഷരാസവസ്തു മോസ്കോയിൽനിന്നു കയറ്റിവിടുകയായിരുന്നെന്നു ടെലിഗ്രാഫ് പത്രം. ബ്രിട്ടനിലെ സോൾസ്ബ്രിയിൽ താമസിക്കുന്ന സ്ക്രീപലിനെ സന്ദർശിക്കാൻ കഴിഞ്ഞ മൂന്നിനു മോസ്കോയിൽനിന്നു പുറപ്പെട്ട മകൾ യുലിയയുടെ പെട്ടിയിൽ ‘നോവിചോക്’ എന്ന അതിമാരക രാസവിഷം വിദഗ്ധമായി ഒളിപ്പിച്ചെന്നാണു ബ്രിട്ടിഷ് പത്രം റിപ്പോർട്ട് ചെയ്തത്.

വസ്ത്രത്തിലോ സൗന്ദര്യസംരക്ഷണ വസ്തുവിലോ ഇതു പുരട്ടിയിരുന്നിരിക്കാമെന്നാണ് ഒരു വാദം. പിതാവിന്റെ സാന്നിധ്യത്തിൽ തുറക്കാനിടയുള്ള സമ്മാനപ്പൊതിയിൽ വിഷം ഒളിപ്പിച്ചിരിക്കാമെന്നാണു മറ്റൊരു വാദം. സോവിയറ്റ് കാലത്തു രാസായുധമായി സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് റഷ്യയുടെ ശേഖരത്തിൽനിന്നാണു സോൾസ്ബ്രിയിലെത്തിയതെന്നു ബ്രിട്ടൻ വാദിക്കുന്നു. എന്നാൽ, തങ്ങളുടെ പക്കലുള്ള അവസാനത്തെ രാസായുധങ്ങളും നശിപ്പിച്ചതിന്റെ പേരിൽ കഴിഞ്ഞ നവംബറിൽ റഷ്യ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചിരുന്ന കാര്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

40,000 ടൺ രാസവസ്തുക്കൾ റഷ്യ നശിപ്പിച്ചതായി രാസായുധ ആക്രമണങ്ങൾക്കെതിരെയുള്ള സ്വതന്ത്ര രാജ്യാന്തര സംഘടനയായ ഒപിസിഡബ്ല്യു സ്ഥിരീകരിച്ചിരുന്നു. നോവിചോക്കിന്റെ രാസസമവാക്യം ബ്രിട്ടനും അറിയാമെന്ന വാദവുമുണ്ട്. എന്തായാലും, രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്യൻ മണ്ണിൽ ഇത്തരമൊരു രാസായുധപ്രയോഗം ഇതാദ്യമാണെന്നു വിദഗ്ധർ പറയുന്നു. ഷോപ്പിങ് സെന്ററിനു മുന്നിലെ ബെഞ്ചിൽ പ്രജ്ഞയറ്റ നിലയിൽ കണ്ടെത്തിയ സ്ക്രീപലിന്റെയും യുലിയയുടെയും നില അതീവഗുരുതരമായി തുടരുന്നു. സംഭവസ്ഥലത്ത് ആദ്യം എത്തിയ പൊലീസുകാരന്റെ നിലയിൽ പുരോഗതിയുണ്ട്.

 മേയ്ക്കു കോർബിന്റെ പാര

റഷ്യയെ കുറ്റപ്പെടുത്തി ബ്രിട്ടനു പിന്തുണയുമായി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടൻബെർഗും രംഗത്തെത്തി. എന്നാൽ, റഷ്യയാണു പ്രതിയെന്ന കാര്യത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോടു പൂർണമായും യോജിക്കാത്ത പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് ജെറിമി കോർബിന്റെ നിലപാടുകൾ വിവാദമായിട്ടുണ്ട്. രഹസ്യങ്ങൾ ബ്രിട്ടനു ചോർത്തിക്കൊടുത്ത മുൻ റഷ്യൻ ചാരനു നേരെയുണ്ടായ രാസായുധാക്രമണത്തിൽ വിശദീകരണം നൽകാതിരുന്നതിനു പിന്നാലെ പുറത്താക്കിയത്, നയതന്ത്രജ്ഞരെന്ന പേരിൽ പ്രവർത്തിച്ചിരുന്ന 23 റഷ്യൻ ചാരന്മാരെയെന്നു തെരേസ മേ വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായി ബ്രിട്ടിഷ് നയതന്ത്രജ്ഞരെ പുറത്താക്കാൻ റഷ്യയും തീരുമാനിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് തിരിച്ചടികളിൽനിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാനായി സ്ക്രീപൽ കേസ് ഉപയോഗിക്കുകയാണെന്നു ബ്രിട്ടനിലെ റഷ്യൻ അംബാസഡർ അലക്സാണ്ടർ യാകൊവെങ്കൊ ആരോപിച്ചു.