ചാരനു നേരെ വിഷപ്രയോഗം: 23 ബ്രിട്ടിഷ് നയതന്ത്രജ്ഞരെ പുറത്താക്കി റഷ്യയും

ലണ്ടൻ∙ ബ്രിട്ടൻ അഭയം നൽകിയിരുന്ന റഷ്യൻ ഇരട്ടച്ചാരനു നേരെയുണ്ടായ നേർവ് ഏജന്റ് ആക്രമണത്തിൽ കുറ്റമാരോപിച്ച് 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ ബ്രിട്ടിഷ് നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടി. റഷ്യയിലെ 23 ബ്രിട്ടിഷ് നയതന്ത്രജ്ഞരെ ഉടൻ പുറത്താക്കാൻ വ്ളാദിമിർ പുടിൻ ഭരണകൂടവും ഉത്തരവിട്ടു. ഇതിനു പുറമേ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ബ്രിട്ടിഷ് കൗൺസിലിന്റെ പ്രവർത്തനവും നിർത്തലാക്കാൻ റഷ്യ തീരുമാനിച്ചു. 

അതേസമയം, തങ്ങൾ ഇത് പ്രതീക്ഷിച്ചതാണെന്നും റഷ്യൻ നടപടിയിൽ അപ്രതീക്ഷിതമായി ഒന്നുമില്ലെന്നുമായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതികരണം. റഷ്യക്കെതിരായ കൂടുതൽ നടപടികൾ വരുംദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും സഖ്യകക്ഷികളുമായും സുഹൃത് രാഷ്ട്രങ്ങളുമായും ഇതുസംബന്ധിച്ച് ആലോചനകൾ പുരോഗമിക്കുകയാണെന്നും അവർ മുന്നറിയിപ്പു നൽകി.

അമേരിക്കയ്ക്കും ബ്രിട്ടണും വേണ്ടി ചാരപ്പണി ചെയ്തിരുന്ന മുൻ റഷ്യൻ ചാരൻ സെർജി സ്ക്രീപലിനും (66) മകൾ യൂലിയയ്ക്കും (33)  വിഷബാധയേറ്റ സംഭവത്തിൽ കുറ്റമാരോപിച്ച് 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ രണ്ടുദിവസം മുൻപാണ് ബ്രിട്ടൻ പുറത്താക്കിയത്.

കൂടുതൽ വായനയ്ക്ക്...