ജോസ് കെ.മാണിയോടു സരിത കാട്ടിയ മര്യാദയെങ്കിലും നിഷ എന്നോടു കാണിക്കണം: ഷോൺ

നിഷ ജോസ്, ഷോൺ ജോർജ്

കോട്ടയം∙ രാഷ്ട്രീയ നേതാവിന്‍റെ മകന്‍ ട്രെയിനില്‍ തന്നെ അപമാനിച്ചെന്ന ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷയുടെ ആരോപണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി പി.സി. ജോർജ് എംഎൽഎയുടെ മകൻ ഷോൺ ജോർജ്. ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തന്റെ പേര് ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ പൊലീസിൽ പരാതി നൽകി. ആരാണു മോശമായി പെരുമാറിയതെന്നു പറഞ്ഞില്ലെങ്കിലും തന്റെ കാര്യത്തിൽ വ്യക്തത വേണമെന്ന് പിന്നീട് മാധ്യമങ്ങളെ കണ്ട ഷോൺ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കുമെന്നും ഷോൺ വ്യക്തമാക്കി.

എന്റെ അമ്മയ്ക്ക് 55 വയസ്സുണ്ട്. ഈ സ്ത്രീയ്ക്ക് 52ഉം. അമ്മയുടെ പ്രായമുള്ള സ്ത്രീയോട് മോശമായി പെരുമാറാൻ മാത്രം മോശക്കാരനല്ല താനെന്നും ഷോൺ പറഞ്ഞു. കോടതിയിൽ വന്ന് ഈ പറയുന്ന വ്യക്തി ഞാനല്ല എന്നു പറയുന്നതുവരെ വെറുതെയിരിക്കില്ലെന്നും ഷോൺ വ്യക്തമാക്കി. ഇതു മനഃപൂർവം അപമാനിക്കാനുള്ള ശ്രമമാണ്. ഒന്നുകിൽ അവരുടെ പുസ്തകം വിറ്റുപോകാനുള്ള തന്ത്രം. അല്ലെങ്കിൽ സോളർ വിവാദവുമായി ബന്ധപ്പെട്ട് അവർക്കെതിരെ വന്നിട്ടുള്ള ആരോപണങ്ങൾ ഒന്നു തിരിച്ചുവച്ചാൽ എങ്ങനെയിരിക്കും എന്നു നോക്കുന്നു – ഷോൺ പറ‍ഞ്ഞു.

ഇനി താനാണ് ഈ പറയുന്ന വ്യക്തിയെന്നാണെങ്കിൽ തെളിവുമായി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഏതോ ടിടിഇ ആ വിഷയത്തിലുണ്ടെന്നൊക്കെ എഴുതിയിട്ടില്ലേ. അയാളെ ചോദ്യം ചെയ്യട്ടെ. ഇത്തരം സംഭവങ്ങൾ തെളിയിക്കാൻ നമുക്ക് നൂറുകണക്കിനു സംവിധാനങ്ങളില്ലേ. മാത്രമല്ല, ഞാനാണെങ്കിൽ എനിക്കെതിരെ അവർ പരാതി നൽകണം. എന്നിട്ട് അന്വേഷിക്കാൻ ആവശ്യപ്പെടണം – ഷോൺ പറഞ്ഞു.

നിഷ ജോസ് കെ. മാണിയോടൊപ്പം ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ഷോൺ വ്യക്തമാക്കി. കോഴിക്കോട്ടുനിന്ന് കോട്ടയത്തേക്കായിരുന്നു യാത്ര. തനിക്കൊപ്പം സിപിഎമ്മിലെ ചില നേതാക്കളുമുണ്ടായിരുന്നു. നിഷയെ റെയിൽവേ സ്റ്റേഷനിൽ വച്ചു കണ്ടപ്പോൾ പോയി സംസാരിച്ചു. ഏതോ ബിസിനസ് മീറ്റിനു വന്നതാണെന്നു പറ‍ഞ്ഞു. ട്രെയിനിൽവച്ചും സംസാരിച്ചു. പിന്നീട് അവർ അവരുടെ ബെർത്തിലേക്കും ഞാൻ എന്റെ ബെർത്തിലേക്കും പോയി. കോട്ടയത്ത് എത്തിയപ്പോൾ എന്നെ കൂട്ടാൻ വന്ന വ്യക്തിയെ പരിചയപ്പെടുത്തി. കൊണ്ടുപോയി വിടണോ എന്നു ചോദിച്ചു. വേണ്ടെന്നു പറയുകയും ചെയ്തു. ഇതാണ് അന്നു സംഭവിച്ചത് – ഷോൺ പറഞ്ഞു.

പൊതുപ്രവർത്തകനെന്ന നിലയിൽ ഇപ്പോൾ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്നും ഷോൺ ചൂണ്ടിക്കാട്ടി. പള്ളിയിൽ പോയാലും സമാധാനമില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് എല്ലായിടത്തും. തനിക്കെതിരെ അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ, സരിത ജോസ് കെ.മാണിയോടു കാട്ടിയ മര്യാദയെങ്കിലും നിഷ തന്നോടു കാട്ടണമെന്നും ഷോൺ അഭ്യർഥിച്ചു. തന്നെ പീഡിപ്പിച്ചത് ജോസ് കെ.മാണിയാണെന്നു പറയാനുള്ള മര്യാദ സരിത കാട്ടിയിരുന്നു. ഇതേ മര്യാദ നിഷ ജോസ് എന്നോടും കാണിക്കണം. ഞാനാണു പീഡിപ്പിച്ചതെങ്കിൽ തുറന്നു പറയാൻ തയാറാകണം – ഷോൺ ആവശ്യപ്പെട്ടു.

ആരാണു നിഷയോട് അപമര്യാദയായി പെരുമാറിയതെന്ന് വെളിപ്പെടുത്തണം എന്നാണോ താങ്കളുടെ ആവശ്യമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഷോണിന്റെ മറുപടി ഇങ്ങനെ: ചിലപ്പോൾ മുന്നണി ബന്ധങ്ങൾ നോക്കിയായിരിക്കും ഇത്തരം കാര്യങ്ങളിൽ അവർ തീരുമാനമെടുക്കുന്നത്. മോശമായി പെരുമാറിയത് സ്വന്തം മുന്നണിയിൽപ്പെട്ടയാളാണെങ്കിൽ അവർ ക്ഷമിക്കുമെങ്കിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. കുറഞ്ഞപക്ഷം ഈ പറയുന്ന ആൾ ഞാനാണോ എന്നെങ്കിലും വെളിപ്പെടുത്തണം. ഇക്കാര്യത്തിൽ വ്യക്തത വേണം – ഷോൺ പറഞ്ഞു.

ഈ വിഷയത്തിൽ നിഷ വരുത്തിയ വലിയൊരു പിഴവ് കേരളം ചർച്ച ചെയ്യേണ്ടതുണ്ടെന്നും ഷോൺ ചൂണ്ടിക്കാട്ടി. ഒരു എംപിയുടെ ഭാര്യയും കേരളത്തിലെ ഏറ്റവും തലമുതിർന്ന നേതാവായ കെ.എം. മാണിയുടെ മരുമകളുമായിട്ടും ഇത്തരമൊരു സംഭവമുണ്ടായിട്ട് അവർ പ്രതികരിക്കാത്തത് തെറ്റല്ലേ? ഇത്രയും സ്വാധീനമുള്ള, അറിയപ്പെടുന്ന ഒരു സ്ത്രീ ട്രെയിനിൽവച്ച് മോശമായ അനുഭവമുണ്ടായിട്ടു പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ശ്രമിച്ചില്ലെങ്കിൽ, പിന്നെ എന്തൊക്കെ സാമൂഹ്യ പ്രവർത്തനം നടത്തിയിട്ട് എന്തു കാര്യം? അവർ ചെയ്തതു വലിയ തെറ്റു തന്നെയാണ്. ഇതു കേരളം ചർച്ച ചെയ്യേണ്ടതുമാണ്.

ഇനി, എന്റെ ഭാര്യയ്ക്കു നേരെയാണ് ഇത്തരമൊരു സംഭവമുണ്ടായതെങ്കിൽ, അല്ലെങ്കിൽ ആത്മാഭിമാനമുള്ള ഏതൊരാളുടെയും ഭാര്യയ്ക്കാണ് ഈ അനുഭവമുണ്ടായതെങ്കിൽ മോശമായി പെരുമാറിയവന്റെ കാലു തല്ലിയൊടിക്കാതെ വീട്ടിൽ പോയി കിടന്നുറങ്ങുമോ? ഇത്തരമൊരു സംഭവമുണ്ടായിട്ടും പ്രതികരിക്കാതിരുന്ന ഈ എംപി ഒരു ആണാണോയെന്നും ഷോൺ ചോദിച്ചു.