ചെങ്ങന്നൂരിൽ രാഷ്ട്രീയ സംഘർഷം; മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർക്കു പരുക്ക്

സംഘർഷത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു (ഇടത്); സ്ഥലത്തെത്തിയവർ.

ചെങ്ങന്നൂർ∙ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ചെങ്ങന്നൂരിൽ രാഷ്ട്രീയ സംഘർഷം. ചെങ്ങന്നൂർ പാണ്ടനാട്‌ മുറിയായിക്കരയിൽ ഉണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ മൂന്നു പേർക്കു പരുക്കേറ്റു. മുറിയായിക്കര ഞെട്ടൂർ ബിജീഷ്‌ (29), തുലാമ്പറമ്പിൽ രാജേഷ്‌ (30), ഊട്ടുമ്മത്തറ സുജിത്ത്‌ (25) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഞായറാഴ്ച വൈകിട്ടു മൂന്നുമണിയോടെ ബിജീഷിന്റെ വീടിനു സമീപമാണു സംഭവം. സുജിത്ത്, രാജേഷ് എന്നിവർ മുൻപു ബിഡിജെഎസിൽ പ്രവർത്തിച്ചിരുന്നവരും ഇപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകരുമാണ്. ബൈക്കിലെത്തിയ രണ്ടു ബിഡിജെഎസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നു പരുക്കേറ്റവർ പറഞ്ഞു.