സർക്കാരിന്റെ രണ്ടാം വാർഷികം കെങ്കേമമാക്കാൻ 16 കോടി

തിരുവനന്തപുരം ∙ ധൂർത്തിന്റെ പേരിൽ പഴികേൾക്കുന്ന സംസ്ഥാന സർക്കാർ, രണ്ടാം വാർഷികം ആഘോഷിക്കാൻ‌ ചെലവിടുന്നതു 16 കോടി രൂപ. മേയ് ഒന്നു മുതൽ 31 വരെയാണു വാർഷികാഘോഷം. സംസ്ഥാനത്തു പൂർ‌ത്തിയായിവരുന്ന എല്ലാ പദ്ധതികളുടെയും ഉദ്ഘാടനങ്ങൾ മേയിലേക്കു മാറ്റി. ഇതോടെ, ചില പദ്ധതികൾ നേരത്തേ പൂർത്തിയാക്കുകയും ചിലതു വൈകിപ്പിക്കുകയും ചെയ്യും. സംസ്ഥാനത്ത് അയ്യായിരത്തോളം ഉദ്ഘാടനങ്ങളെങ്കിലും മേയിൽ നടക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. 

വാർഷികാഘോഷത്തിനായുള്ള ചെലവ് 16 കോടിയിൽ കവിയാതിരിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത കാട്ടണമെന്നു ഭരണാനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കി. സംസ്ഥാന, ജില്ലാ, മണ്ഡല തലങ്ങളിലായാണ് ഉദ്ഘാടനങ്ങൾ. വാർഷികം കണക്കിലെടുത്തു സംസ്ഥാനത്തെ 40 ലക്ഷം സ്കൂൾകുട്ടികൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്. മേയ് രണ്ടിനു കത്തിനൊപ്പം കുട്ടികൾക്കു വൃക്ഷത്തൈയും വിത്തുകളും നൽകും. അന്നുതന്നെ മുഴുവൻ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങാനും എൽപി, യുപി ക്ലാസുകളിലെ കുട്ടികൾക്കു യൂണിഫോം നൽകാനും തീരുമാനിച്ചിട്ടുണ്ട്. 

മേയ് 18നു കണ്ണൂരിലാണു സംസ്ഥാനതല ഉദ്ഘാടനം. സമാപനം പിന്നീട് തിരുവനന്തപുരത്തും.